ക്രമക്കേട്; സംസ്ഥാനത്ത് 44 റേഷന്‍കടകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സൗജന്യറേഷന്‍ വിതരണം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് സസ്പെന്‍ഡ് ചെയ്യപ്പെട്ടത് നാല്‍പത്തിനാല് റേഷന്‍കടകള്‍. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കടകള്‍ക്കെതിരെ നടപടിയെടുത്തത്. അതേസമയം അന്‍പത്തിയൊന്ന് ലക്ഷം മുന്‍ഗണേനതര കാര്‍ഡുകാരില്‍ സര്‍ക്കാരിന്റ സൗജന്യഭക്ഷ്യകിറ്റ് വേണ്ടെന്ന് വച്ചത് വെറും ഇരുപത്തി മൂവായിരം പേര്‍മാത്രമാണ്.  

ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുകയോ,ഒ.ടി.പി നമ്പര്‍ രേഖപ്പെടുത്തുകയോ ചെയ്യാതെയാണ് സൗജന്യഅരി വിതരണം ചെയ്തത്. അതുകൊണ്ടുതന്നെ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  28116 കടകളില്‍ നടത്തിയ പരിശോധനയില്‍ 3032 കടകളില്‍ വീഴ്ചകള്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയില്‍ മാത്രം പതിനൊന്ന് കടകളുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ ഭൂരിഭാഗം കടകളുടേയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത് സാധനങ്ങള്‍ മറിച്ച് കടത്തിയതിനാണ്.തൃശൂരില്‍ ഏഴും ഇടുക്കിയില്‍ ആറും ആലപ്പുഴയില്‍ അഞ്ചും കടകള്‍ സസ്പെന്‍ഡ് ചെയ്തു. മരിച്ചവരുടെ പേരില്‍ പോലും പലയിടത്തും അരി വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് തിങ്കളാഴ്ച മുതല്‍ റേഷന്‍വിതരണത്തിന് വീണ്ടും ഇ പോസ് മെഷിനീല്‍ വിരല്‍ പതിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്. പിങ്ക് കാര്‍ഡുകാര്‍ക്കുള്ള സൗജന്യഭക്ഷ്യകിറ്റ് വിതരണവും കടകള്‍ വഴി പുരോഗമിക്കുകയാണ്. മുന്‍ഗണനേതര വിഭാഗത്തില്‍പെട്ട നീല,വെള്ള കാര്‍ഡുകാര്‍ക്ക് ഈമാസം എട്ടാം തീയതി മുതല്‍ കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. അന്‍പത് ലക്ഷം പേരാണ് ഈ വിഭാഗത്തിലുള്ളത്. കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് വെബ്സൈറ്റില്‍ അറിയിക്കാന്‍ അവസരം നല്‍കിയെങ്കിലും 23000 പേരെ ഇതുവരെ  വേണ്ടെന്ന് വച്ചിട്ടുള്ളു. വെള്ളക്കാര്‍ഡുള്ളവരില്‍ എത്രപേര്‍ക്ക് കിറ്റ് ആവശ്യമുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് എല്ലാവര്‍ക്കും സന്ദേശം അയക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്.