എൻജിനിയർ 2 മാസം പറഞ്ഞ പണി; 7 ദിവസത്തിൽ തീർത്ത് 73കാരൻ; പരിചയക്കരുത്ത്

ഒരു ലക്ഷം ചാക്കും 1400 ലോഡ് എംസാൻഡും ഉപയോഗിച്ചു. എൻജിനീയർമാർ 2 മാസം ആവശ്യപ്പെട്ട പണി 7 ദിവസം കൊണ്ട് പൂർത്തിയാക്കി, ബണ്ടിലൂടെ ലോറിയോടിച്ചു കാണിച്ചു. പരിചയ സമ്പത്തിന്റെ മികവ് കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് എ.കെ.മതിമോഹനൻ. മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് എന്ന കായൽരാജാവ് മുരിക്കൻ ജോസഫിന്റെ സഹായിയായി പതിനഞ്ചാം വയസ്സിൽ കൂടിയതാണ് കൈനകരി കുട്ടമംഗലം എട്ടിന്റെ മൂലയിൽ എ.കെ.മതിമോഹനൻ. ഇപ്പോൾ 73ാം വയസിലും കുട്ടനാട്ടിലെ മടകെട്ടുജോലികളിൽ സജീവം.  മതിമോഹനന്റെ  പരിചയ സമ്പത്ത് അറിഞ്ഞാണു കഴിഞ്ഞ പ്രളയത്തിൽ മടവീണ തൃശൂർ കോൾ നിലങ്ങളെ വീണ്ടെടുക്കാൻ മന്ത്രി വി.എസ്.സുനിൽകുമാർ ഹെലികോപ്റ്റർ അയച്ചു കൊണ്ടുപോയത്.

ആറായിരപ്പറ നിലങ്ങളായ (600 ഏക്കർ) റാണിയും മാർത്താണ്ഡവും ഒൻപതിനായിരപ്പറ (900 ഏക്കർ) നിലമായ ചിത്തിരയും കുത്തിയെടുത്തതാണു തുടക്കം. മുരിക്കന്റെ മച്ചുനൻ മാത്തച്ചനാണ് എൻജിനീയറിങ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. രാജാവിന്റെ ഉദ്യോഗസ്ഥർ കായലിൽ സ്ഥലം കണ്ടെത്തിക്കൊടുത്താൽ മുരിക്കന്റെ ആളുകൾ ഈറ കുത്തി സ്ഥലം പിടിക്കും. തെങ്ങിൻതടി നാലായി കീറി കായലിൽ കുത്തിയിറക്കും. 

30 കിലോ ഭാരമുള്ള വലിയ കട്ട അഞ്ചു പേർ േചർന്നു പൊക്കിയാണ് അടിക്കുക. പിന്നെ പരമ്പും മറ്റും ചേർത്തു വരമ്പിനുള്ള അതിരുപിടിക്കും.ആര്യാട്, മണ്ണഞ്ചേരി പ്രദേശങ്ങളിൽ നിന്നു കടപ്പുറം മണ്ണ് കൊണ്ടു വന്ന് കുട്ടനാട്ടിലെ ചെളിയുമായി ചേർത്തു വരമ്പ് പിടിക്കും. ഒരു കായൽ കുത്തിയെടുക്കാൻ മൂന്നോ നാലോ മാസം മതി.   കഴിഞ്ഞ പ്രളയത്തിൽ മങ്കൊമ്പ് മൂലപൊങ്ങമ്പ്ര പാടത്തെ മട കുത്തിയതു കണ്ടാണു തൃശൂരിലേക്കു വിളിക്കുന്നത്. അപ്പോഴേക്കും വീട്ടുകാർ ആലപ്പുഴയിലെ ക്യാംപിലേക്കു പോയിരുന്നു. സഹായിക്കാൻ പട്ടാളക്കാരും അവിടെയുള്ള ചെറുപ്പക്കാരും ഉണ്ടായിരുന്നു.

ഒരു ലക്ഷം ചാക്കും 1400 ലോഡ് എംസാൻഡും ഉപയോഗിച്ചു. എൻജിനീയർമാർ 2 മാസം ആവശ്യപ്പെട്ട പണി 7 ദിവസം കൊണ്ട് പൂർത്തിയാക്കി, ബണ്ടിലൂടെ ലോറിയോടിച്ചു കാണിച്ചു. ഇപ്പോൾ കുട്ടനാട്ടിലെ കനകാശേരി പാടത്തിന്റെ മടകുത്തുകയാണ്. അതു നാലു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും– ’ ഈ പ്രായത്തിലും സാഹസികമായ ജോലി ചെയ്യുന്നതിൽ ഭാര്യ ഇന്ദിരയ്ക്ക് എതിർപ്പില്ലെന്നു പറഞ്ഞു മതിമോഹനൻ വള്ളത്തിലേക്കു കാലെടുത്തുവച്ചു; അടുത്ത മടവീണ സ്ഥലത്തെ ഒരുക്കങ്ങൾ നോക്കാൻ പോകണം.