മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം; കള്ളനെ പിടിക്കാൻ ‘ഭാഗ്യദേവത’യും; കാത്തിരിപ്പ്

മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം നൽകി ഭാദ്യദേവത. പക്ഷേ ഇൗ ഭാഗ്യത്തിന് മുന്നിൽ കുടുങ്ങിയിരിക്കുന്നത് കള്ളനാണ്. വഴിയോരത്ത് ലോട്ടറി വിൽക്കുന്ന വയോധികന്റെ ലോട്ടറിയും ബാഗുമാണ് കള്ളൻ കവർന്നത്. മോഷ്ട്ടിച്ച സാധനങ്ങളുടെ കൂടെയുള്ള ലോട്ടറിക്കാണ് സമ്മാനം അടിച്ചത്.പൗർണമി ഭാഗ്യക്കുറിയുടെ 3329 എന്ന നമ്പറിനാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്.‌ 

വടക്കഞ്ചേരി കനറാ ബാങ്കിന്റ എതിർവശത്ത് ലോട്ടറി വിൽക്കുന്ന അറുപത്തിയഞ്ചുകാരൻ കണ്ണമ്പ്ര സ്വദേശി മജീദിന്റെ മൊബൈൽ ഫോണും, ലോട്ടറി സൂക്ഷിച്ച പണമടങ്ങിയ ബാഗുമാണ് കവർന്നത്.ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മോഷണം നടന്നത്.ലോട്ടറി വിൽപനക്കാരൻ സംസാരിച്ചു നിൽക്കുമ്പോൾ പരിസരം നിരീക്ഷിച്ച മോഷ്ടാവ് ബാഗുമായി കടന്നുകളയുകയായിരുന്നു.

മോഷ്ടാവിന്റെ ദൃശ്യം തൊട്ടടുത്ത സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ള ഷർട്ടും മുണ്ടും ധരിച്ച ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് ദൃശ്യത്തിലുള്ളത്. വടക്കഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.