ഉറൂബ് ഓർമയായിട്ട് നാൽപതു വർഷം; ഒരുങ്ങുന്നു മ്യൂസിയം

സാധാരണക്കാരന്റെ ജീവിതത്തെ കുറിച്ചു എഴുതിയ  ഉറൂബ് ഒാര്‍മയായിട്ട് ഇന്നു നാല്‍പതു വര്‍ഷം. മാനാ‍ഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിയില്‍  ഉറൂബ് മ്യൂസിയം ഒരുങ്ങുന്നു എന്നതാണ് നാല്‍പതാം ചരമ വാര്‍ഷികത്തില്‍ അദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്.

ഉറൂബ് എന്നാല്‍ യൗവനം നശിക്കാത്തവനെന്നാണ് അര്‍ത്ഥം. മലയാളികളുടെ മനസില്‍ ഉറൂബിന്റെ പേരുപോലെ എന്നും  നിലനില്‍ക്കുന്നു അദ്ദേഹത്തിന്റെ  ഒാരോ എഴുത്തും .സുന്ദരികളും സുന്ദരന്‍മാരും, ഉമ്മാച്ചു, അമ്മിണി,മിണ്ടാപ്പെണ്ണ് തുടങ്ങി ഒരു പിടി രചനകള്‍. നോവലുകളിലും കഥകളിലും മാത്രം ഒതുങ്ങി നിന്നില്ല ഉറൂബിന്റെ എഴുത്തു ജീവിതം.  നീലക്കുയില്‍ ഉള്‍പ്പടെ എട്ടോളം സിനിമകള്‍ക്ക് തിരക്കഥയെഴുതി. നാല്‍പതാം ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ ഉറൂബിന്റെ പേരിലുള്ളത് മാനാഞ്ചിറ സെന്‍്ട്രല്‍ ലൈബ്രറിയിലെ ഈ മ്യൂസിയമാണ് പല കുറി മുറവിളി കൂട്ടിയിട്ടാണ് ഇതെങ്കിലും സാധ്യമായത്. 

ജുബ്ബ, കുട, വാച്ച് തുടങ്ങി അദ്ദേഹം ഉപയോഗിച്ചതെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ലളിതാബികാ അന്തര്‍ജനം ഉള്‍പ്പടെയുള്ള പ്രിയപ്പെട്ടവര്‍ എഴുതിയ കത്തുകള്‍ പുസ്തകമാക്കി.  നോവലിലേയും കഥകളിലേയും കഥാപാത്രങ്ങള്‍ ,സന്ദര്‍ഭങ്ങള്‍ എല്ലാം ചിത്രങ്ങളായി  ഉറൂബിന്റെ പ്രിയപ്പെട്ടവര്‍ മ്യൂസിയത്തിന് സമ്മാനിച്ചിട്ടുണ്ട്  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പടെയുള്ള അംഗീകാരങ്ങള്‍, ജീവിതത്തില്‍ നടന്നു നീങ്ങിയ അപൂര്‍വ സന്ദര്‍ഭങ്ങളുടെ ഫോട്ടോകള്‍ എന്നിവ ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നു.