ക്യാമ്പസിൽ അഭിമന്യുവിന്‍റെ സ്തൂപം; പരാതിയുമായി കെഎസ്​യു

എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ സ്മരണയ്ക്കായി കോളജ് ക്യാമ്പസിനുളളില്‍ സ്തൂപം നിര്‍മിക്കാനുളള എസ്എഫ്ഐ നീക്കം വിവാദത്തില്‍ . സര്‍ക്കാര്‍ കോളജിനുളളിലെ നിര്‍മാണ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് കെഎസ്്യു ജില്ലാ കലക്ടറെ സമീപിച്ചു. എന്നാല്‍  നിര്‍മാണത്തില്‍ പങ്കില്ലെന്നും  അഭിമന്യുവിനെ സ്നേഹിക്കുന്ന വിദ്യാര്‍ഥികളാണ് സ്തൂപം പണിയുന്നതെന്നുമാണ് എസ്എഫ്ഐയുടെ വിശദീകരണം .

അഭിമന്യു കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികാചരണത്തിന്‍റെ ഭാഗമായി കോളജ് അങ്കണത്തില്‍ ഉയരുന്ന ഈ രക്തസാക്ഷി സ്തൂപമാണ് വിവാദമാകുന്നത് . കോളജിലെ എസ്എഫ്ഐ യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് നിര്‍മാണം നടക്കുന്നതെന്ന് കെഎസ്്യു ആരോപിക്കുന്നു . സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കോളജില്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ രക്തസാക്ഷി മണ്ഡപം നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനും കോളജ് വികസന കൗണ്‍സില്‍ ചെയര്‍മാനായ ജില്ലാ കലക്ടര്‍ക്കും കെഎസ്്യു പരാതി നല്‍കുകയും ചെയ്തു. 

പരാതിക്ക് പിന്നാലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദേശം മറികടന്നും നിര്‍മാണം ‌ നടക്കുന്നുണ്ടെന്ന് കെഎസ്്യു ആരോപിക്കുന്നു . അതേസമയം നിര്‍മാണവുമായി സംഘടനയ്ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് എസ്എഫ്ഐ വാദം. അഭിമന്യുവിനെ സ്നേഹിക്കുന്ന  വിദ്യാര്‍ഥികളാണ് സ്തൂപം നിര്‍മിക്കുന്നതെന്നും അഭിമന്യു ഉയര്‍ത്തിയ ആശയങ്ങളെ ഭയപ്പെടുന്നവരാണ് എതിര്‍പ്പിന് പിന്നിലെന്നും എസ്എഫ്ഐ വിശദീകരിച്ചു. സ്തൂപം നിര്‍മാണം തുടരാന്‍ അനുമതിയാവശ്യപ്പെട്ട് കോളജ് അധികൃതര്‍ക്ക് ഭീമ ഹര്‍ജി നല്‍കാനാണ് എസ്എഫ്ഐ നീക്കം. നിര്‍മാണം തടയാന്‍ നടപടിയാവശ്യപ്പെട്ട് പരസ്യ പ്രതിഷേധം സംഘടിപ്പിക്കാന്‍ കെഎസ്്യുവും തയാറെടുപ്പ് തുടങ്ങിയതോടെ  വീണ്ടും സംഘര്‍ഷാത്മക സാഹചര്യത്തിലേക്കാണ് മഹാരാജാസ് നീങ്ങുന്നത്.