ആദിവാസികൾക്കുള്ള ഭൂമി വിതരണത്തില്‍ അട്ടിമറി; ആരോപണവുമായി സിപിഐ

ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം സർക്കാര്‍ ആട്ടിമറിച്ചെന്ന  ആരോപണവുമായി   സി.പി.ഐ ഇടുക്കി ജില്ലാ നേതൃത്വം. ഇടുക്കി പെരിഞ്ചാംകുട്ടിയിൽ നിന്നും കുടിയിറക്കപ്പെട്ട 158 ആദിവാസി  കുടുംബങ്ങൾക്ക് ഭൂമി നൽകാനുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ അട്ടിമറിക്കുന്നതായാണ് പരാതി.  സർക്കാർ കയ്യേറ്റ മാഫിയക്കൊപ്പമാണെന്നും  സി.പി. ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ആരോപിച്ചു.

ഇടുക്കി പെരിഞ്ചാംകുട്ടിയിൽ  ഭൂസമരം നടത്തിയ ആദിവാസികൾക്ക് 2012ൽ യുഡിഎഫ്  സർക്കാർ  ഭൂമി നൽകി. ചിന്നകനാലിലാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ചിന്നക്കനാലിലെ  നിരന്തര ആനശല്യത്തെ തുടർന്ന് ഇവർ വീണ്ടും പെരിഞ്ചാംകുട്ടിയിൽ സമരം തുടര്‍ന്നു.  2018 മാർച്ച് 8 ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ 158 ആദിവാസികൾക്ക് ഒരേക്കർ ഭൂമിവീതം നൽകാൻ സർക്കാർ തീരുമാനിച്ചു. പക്ഷെ ഇതുവരെയും നടപ്പായില്ല. 

ജനുവരി 29 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം റവന്യുഭൂമി വിതരണം ചെയ്യാൻ കേന്ദ്ര അനുമതിയും  തേടി. യോഗത്തിൽ നിന്നും റവന്യൂ മന്ത്രിയെ ഒഴിവാക്കിയതായും സി.പി.ഐ ആരോപിക്കുന്നു.

മന്ത്രിസഭാ യോഗ  തീരമാനം ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ട് മാറ്റം വരുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കയ്യേറ്റ മാഫിയക്ക് ഒപ്പം നില്‍ക്കുന്ന  തീരുമാനം  പരിശോധിക്കാൻ സർക്കാർ തയ്യാറാകണം. ആദിവാസികള്‍ക്ക്  നീതിലഭിക്കുന്നത് വരെ സമരം ചെയ്യുമെന്ന്  സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.