'എവറസ്റ്റ് കീഴടക്കണം; പക്ഷേ പണമില്ല'; സഹായം തേടി പർവതാരോഹകൻ

എവറസ്റ്റ് കീഴടക്കുകയാണ് ലക്ഷ്യം. ലക്ഷ്യം  സഫലമാക്കാനുളള കഴിവും ആത്മവിശ്വാസവും യോഗ്യതയുമൊക്കെയുണ്ട് . പക്ഷേ മുപ്പത്തഞ്ച് ലക്ഷത്തിലേറെ രൂപ വേണം. ആ പണം കണ്ടെത്താനായി നല്ല മനസുളളവരുടെ സഹായം തേടുന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനെ കുറിച്ചുളള വാര്‍ത്തയാണ് ഇനി.

കൈയിലെ ഫയലില്‍ കുറേ സര്‍ട്ടിഫിക്കറ്റുകളുമായിട്ടാണ് ഞങ്ങളുെട കൊച്ചി ഓഫിസിലേക്ക് തൃശൂരുകാരന്‍ അച്ചു വന്നത് .ഉത്തരാഖണ്ഡിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങില്‍ നിന്ന് പര്‍വതാരോഹണത്തിന് നേടിയ യോഗ്യതയടക്കമുളള സര്‍ട്ടിഫിക്കറ്റുകളുമായി അച്ചു ഞങ്ങളുടെ ക്യാമറയ്ക്കു മുന്നില്‍ വന്നത് തന്‍റെ ജീവിതലക്ഷ്യം യാഥാര്‍ഥ്യമാക്കാനുളള സഹായം തേടിയാണ്.  

അച്ഛനെയും അമ്മയെയും കുട്ടിക്കാലത്തെ നഷ്ടപ്പെട്ട അച്ചു കഴിഞ്ഞ ആറു വര്‍ഷമായി ഈ ആഗ്രഹം യാഥാര്‍ഥ്യമാക്കാനുളള നെട്ടോട്ടത്തിലാണ് . നല്ല മനസുളള കുറേയാളുകളുടെ സഹായം കൊണ്ടാണ് ഉത്തരാഖണ്ഡില്‍ നിന്ന് പര്‍വതാരോഹണ പരിശീലനം പൂര്‍ത്തിയാക്കിയതും ഡികെഡി ടു എന്ന പര്‍വതം കീഴടക്കിയതും . എവറസ്റ്റെന്ന ലക്ഷ്യത്തിലേക്കെത്താന്‍ മുപ്പത്തിയഞ്ചു ലക്ഷത്തിലേറെയാണ് ചെലവു വരിക . ഈ വാര്‍ത്ത കാണുന്ന നല്ല മനസുകാരാരെങ്കിലും ഈ ദൗത്യത്തില്‍ തന്നെ സ്പോണ്‍സര്‍ ചെയ്യാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അച്ചുവിന്‍റെ ജീവിതം മുന്നോട്ടു നീങ്ങുന്നത്. എന്തായാലും എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാകും വരെ അതിനായുളള ശ്രമം തുടരുമെന്ന ഉറച്ച തീരുമാനം ആവര്‍ത്തിച്ചു പറഞ്ഞാണ് അച്ചു മടങ്ങിയത്.