11000 കിലോ മാലിന്യം; നാല് മൃതദേഹങ്ങൾ; എവറസ്റ്റിൽ കണ്ടെത്തിയത്; ഞെട്ടൽ

ലോകത്തിലെ ഏറ്റവും വലിയ പർവ്വതമായ എവറസ്റ്റിൽ അടുത്തിടെ വലിയ ശുചീകരണപ്രവർത്തനങ്ങൾ നടന്നു. പർവ്വതത്തില്‍ അടിഞ്ഞ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് നേപ്പാളിലെ പർവ്വതാരോഹകരാണ് യജ്ഞത്തിന് നേതൃത്വം നൽകിയത്. എന്നാൽ പർവ്വതത്തിലെ മാലിന്യക്കൂമ്പാരം കണ്ട് അധികൃതർ ഞെട്ടിയിരിക്കുകയാണ്. 

പത്ത് വർഷത്തോളം പഴക്കമുള്ള 11 ടൺ മാലിന്യം, നാല് മൃതദേഹങ്ങൾ‌ എന്നിവയാണ് പർവ്വതത്തിൽ കണ്ടെത്തിയത്. പർവ്വതത്തിന്റെ 8,850 മീറ്ററോളം കയറിയിറങ്ങിയ ശേഷമാണ് ഇത്രയധികം മാലിന്യങ്ങൾ കണ്ടെത്തിയത്. മനുഷ്യവിസർജ്ജം, ഉപയോഗിച്ച ഓക്സിജൻ സിലിണ്ടറുകൾ, ടെന്റുകൾ, തകർന്ന ഏണികൾ, കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങി പർവ്വതാരോഹകർ ഉപേക്ഷിച്ച മാലിന്യങ്ങളാണ് എവറസ്റ്റിൽ കണ്ടത്. 

എവറസ്റ്റ് പര്യവേഷണത്തിലൂടെ നല്ലൊരു ശതമാനം വരുമാനം നേടുന്നുണ്ട് നേപ്പാൾ. കണക്കുകൾ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. സമീപകാലത്ത് എവറസ്റ്റ് കയറുന്നതിനിടെ 300ഓളം ആളുകളാണ് മരിച്ചത്. ഇവരിൽ നാല് പേരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്.