നീരജിൻറെ യാത്ര തുടരുന്നു; ഒറ്റക്കാലില്‍ കിളിമഞ്ചാരോ പര്‍വതവും കീഴടക്കി

ഒറ്റക്കാലില്‍ കിളിമഞ്ചാരോ പര്‍വതം കീഴടക്കി ആലുവ സ്വദേശി നീരജ് ജോര്‍ജ്. അഞ്ചര ദിവസം കൊണ്ടാണ് നീരജ് കിളിമഞ്ചാരോ പര്‍വതം കീഴടക്കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കാല്‍ മുറിച്ച് മാറ്റിയ നീരജ് ക്രച്ചസിന്‍റെ സഹായത്തോടെയാണ് കിളിമഞ്ചാരോ കീഴടക്കിയത്.

നീരജിന്‍റെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ കിളിമഞ്ചാരോയും തല കുനിച്ചു. വെല്ലുവിളികള്‍ ഏറെ മറികടന്നാണ് നീരജ് കിളിമഞ്ചോരോയെ കാല്‍ച്ചുവട്ടിലാക്കിയത്. അസ്ഥി തുളയ്ക്കുന്ന തണുപ്പായിരുന്നു യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി. മുറിച്ചു മാറ്റിയ കാലില്‍ കന്പിളി ചുറ്റിയാണ് കിളിമഞ്ചാരോ കയറിയത്. സുഹൃത്തുക്കളടക്കമുള്ള അഞ്ചംഗസംഘവും നീരജിന് തുണയായി ഒപ്പമുണ്ടായിരുന്നു. 

തന്‍റെ നേട്ടം, ഭിന്നശേഷിക്കാരയവര്‍ക്ക് പ്രചോദനം ആകുമെന്ന പ്രതീക്ഷയിലാണ് നീരജ്. ചുരുങ്ങിയ സമയത്തില്‍ ഒരിക്കല്‍ കൂടി കിളിമഞ്ചാരോയെ കീഴടക്കണമെന്ന സ്വപ്നവും ഹൈക്കോടതി ജീവനക്കാരനായ നീരജിനുണ്ട്. ഉത്തരാഖണ്ഡിലെ നൈനാദേവി അടക്കമുള്ള കൊടുമുടികള്‍ നേരത്തെ നീരജ് കീഴടക്കിയിട്ടുണ്ട്.