മലയെ ആരാധിച്ച മലയാളി; നിലനില്‍പിന്‍റെ ആധാരം; ഇന്ന് ലോക പര്‍വത ദിനം

ഇന്ന് ലോക പര്‍വതദിനം. മലയെ ദൈവമായിക്കണ്ട് ആരാധിച്ചിരുന്ന പ്രാക്തന ആരാധന സമ്പ്രദായമായിരുന്നു മലയാളികളുടേത്. ജനജീവിതത്തോട് അത്രയേറെ ബന്ധപ്പെതാണ് ഓരോ ദേശത്തേയും മലകളും മലനടകളും.

കേരളത്തില്‍ 999 മലനടകളുണ്ടെന്ന് പറയപ്പെടുന്നു. അച്ചന്‍കോവില്‍ കല്ലേലിയിലെ ഊരാളി അപ്പൂപ്പനാണ് എല്ലാം മലനടകളുടേയും അധിപനെന്ന് വിശ്വാസം. ഊരാളിയാണ് മലദൈവത്തിന്‍റെ പുരോഹിതന്‍. 999 മലകളു‌ടേയും ഊരാളിയായിരുന്നു കല്ലേലി അപ്പൂപ്പന്‍. ദ്രാവിഡആചാരവഴക്കങ്ങളോടെ മലയെ ആരാധിക്കുന്ന പ്രധാനകാനനക്ഷേത്രങ്ങളിലൊന്നാണ് കല്ലേലി അപ്പൂപ്പന്‍കാവ്. കള്ളും, പുകയിലയുമൊക്കെ വഴിപാടായി സമര്‍പ്പിക്കുന്ന ഗോത്രവര്‍ഗആചാരക്രമങ്ങളാണ് മലനടകളില്‍ പിന്തുടരുന്നത്. 

മലവിളിയോടെയാണ് കേരളത്തിലെ ‌പല ചടങ്ങുകള്‍ക്കും തുടക്കമാവുക. ശബരിമലയില്‍ മുന്‍പ് ഊരാളി ഉണ്ടായിരുന്നതായാണ് വിശ്വാസം. കാളകെട്ടി മലമുതല്‍ ശബരിമല വരെയുള്ള 18 മലകളും ആരാധനാ കേന്ദ്രങ്ങളാണ്. 18 മലകള്‍ക്കുവേണ്ടിയാണ് ശബരിമലയിലെ പടിപൂജയെന്നാണ് വിശ്വാസം. ‌‌

പ്രസിദ്ധമായ കടമ്മനിട്ട പടയണി ആരംഭിക്കുന്നത് മലവിളിച്ചുള്ള ഊരാളിപ്പടയണിയോടെയാണ്. വില്ലുകുലുക്കി കടമ്മനിട്ടയുടെ കാവല്‍മലകളുടെ അനുവാദം വാങ്ങിയാണ് ചടങ്ങ് തുടങ്ങുക. കാഞ്ഞിരത്തറയും, കുഴിവിളക്കുമടക്കം മലയുടെ പ്രതിഷ്ഠയും കാണാം കടമ്മനിട്ടയില്‍ . പ്രശസ്തമായ പോരുവഴി പെരുവിരുത്തി മലനടയില്‍ ദുര്യോധനനാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസം. വടക്ക് തെയ്യത്തില്‍ മലദൈവം ഭഗവതി കെട്ടിയാടുന്നത് കാണാം. ഒന്നാകും ദൈവംവാഴ്ക മലവാഴ്കയെന്ന മലവിളിയോടെയാണ് പടയണിയിലെ അടവിച്ചടങ്ങുകള്‍ക്ക് തുടക്കമാവുക.

മനുഷ്യനും പ്രകൃതിയും വേറിട്ടുജിവിക്കാത്ത കാലത്ത് മലകള്‍ ദൈവമായിരുന്നു. ആ ദൈവസങ്കല്‍പങ്ങളായിരുന്നു മലകളുടേയും മരങ്ങളുടേയും നിലനില്‍പിന്‍റേയും ആധാരം. ഇന്ന് മലകള്‍ ഇടിച്ചു നിരത്തി മണ്ണ് കടത്തുമ്പോള്‍ മനുഷ്യന്‍റെ നിലനില്‍പും അവതാളത്തിലാകുന്നു.  ഉൗരാളികളെ മലയിറക്കി മലനടകള്‍ ക്ഷേത്രങ്ങളായി പരിണമിക്കുന്നു. 1960 മുതല്‍ 80 വരെയുള്ള കാലത്താണ് ഏറ്റവും കൂടുതല്‍ പ്രകൃതി ചൂഷണങ്ങള്‍ നടന്നിട്ടുള്ളതെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിരീക്ഷണം മലകളിലെ മരങ്ങള്‍ വെട്ടി നിരത്തി പുതിയ കൃഷിരീതികള്‍ പരീക്ഷിച്ചത് വലിയ ഭീഷണിയായി മുന്നിലുണ്ട്. കവളപ്പാറയും, പുത്തുമലയുമെല്ലാം പ്രതീകങ്ങളാണ്.