കല്ലട ബസ് റോഡിൽ തടഞ്ഞു എഐവൈഎഫ് പ്രവർത്തകർ; പടരുന്ന പ്രതിഷേധം

യാത്രക്കാരെ ബസിനുള്ളിലിട്ട് ക്രൂരമായി തല്ലിയ സുരേഷ് കല്ലട ബസിനെതിരെയും തൊഴിലാളികൾക്കെതിരെയും പ്രതിഷേധം തുടരുകയാണ്. കായംകുളത്ത് വച്ച് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ ബസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിറയെ യാത്രക്കാരുമായിട്ടാണ് ബസ് എത്തിയത്. ജീവനക്കാർക്ക് താക്കീത് നൽകിയാണ് പ്രവർത്തകർ യാത്ര തുടരാൻ അനുവദിച്ചത്. ഇത്തരത്തിൽ ബസിനെതിരെ പലയിടത്തും പ്രതിഷേധം ഉയരുന്നുണ്ട്. 

അർധരാത്രി നടുറോഡിൽ കേടായ സ്വകാര്യ ബസിനു പകരം സംവിധാനമൊരുക്കാന്‍ ആവശ്യപ്പെട്ട യുവാക്കളെയാണ് ജീവനക്കാർ ബസിനുള്ളിൽ ക്രൂരമായി മർദിച്ചത്. വിവാദമായ സംഭവത്തിൽ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി‍. യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്ന പരാതിയിലാണ് നടപടി. മേയ് 29ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകണം. ആരോപണങ്ങള്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും കമ്മീഷന്‍ നിർദേശിച്ചു. കർശന നടപടികളുമായി സംസ്ഥാന സർക്കാരും മുന്നോട്ടുപോവുകയാണ്. പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ  മോട്ടോര്‍വാഹനവകുപ്പിന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ നിർദേശം നൽകി. അന്തർ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ കെ.എസ്. ആർ.ടി.സി സർവീസ് തുടങ്ങാനും തീരുമാനിച്ചു. കല്ലടയുടെ ഉടമസ്ഥതയിലുള്ള മുഴുവൻ ബസുകളുടെയും രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ പെര്‍മിറ്റ് ലംഘിച്ച 23 ടൂറിസ്റ്റ് ബസുകള്‍ക്ക് 5000 രൂപവീതം ആർടിഒ പിഴ ഈടാക്കി. ഇതില്‍ ആറ് ബസുകള്‍ കല്ലടയുടേതാണ്. അതേസമയം, അന്തർ‌സംസ്ഥാന ബസിലെ ഗുണ്ടായിസത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ആക്രമണത്തിന് ഇരയായ യുവാക്കൾ മൊഴി നൽകി. പൊലീസ് അറസ്റ്റുചെയ്ത സുരേഷ് കല്ലട കമ്പനിയുടെ ഏഴു ജീവനക്കാർ മാത്രമല്ല പ്രതികൾ. പതിനഞ്ചോളംപേർ സംഘത്തില്‍ ഉണ്ടായിരുന്നതായി തമിഴ്നാട്ടില്‍ ചികിൽസയിൽ കഴിയുന്ന യുവാക്കൾ മനോരമ ന്യൂസിനോട് പറ‍ഞ്ഞു.