മനസാക്ഷി വോട്ടിന് ആഹ്വാനം; പ്രക്ഷോഭം കടുപ്പിക്കും: നിലപാട് വ്യക്തമാക്കി പുതുവൈപ്പ് സമരസമിതി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് പുതുവൈപ്പ് സമരസമിതി.  എല്‍.പി.ജി സംഭരണകേന്ദ്രത്തിനെതിരായ സമരത്തില്‍ നിലപാട് വ്യക്തമാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകാത്ത‌ സാഹചര്യത്തില്‍  പ്രക്ഷോഭം കടുപ്പിക്കാനും സമരസമതി തീരുമാനിച്ചു. 

പുതുവൈപ്പ് സമരപന്തലിലെ സജീവസാന്നിധ്യമാണ് നവാഗതവോട്ടര്‍ കൂടിയായ ഈ വിദ്യാര്‍ഥിനി. വോട്ട് തേടിയെത്തുന്ന മുന്നണി സ്ഥാനാര്‍ഥികള്‍ പുതുവൈപ്പ് സമരം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആദ്യ വോട്ട് പാഴാക്കില്ല സബീന. പുതുവൈപ്പ് സമരം എറണാകുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുന്നണി സ്ഥാനാര്‍ഥികള്‍ ഈ വിഷയത്തില്‍ കൃത്യമായ മൗനം പാലിച്ചു. ഇതോടെയാണ് മനസാക്ഷിവോട്ടെന്ന തീരുമാനത്തിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നത്. 

പുതുവൈപ്പിലെ ഐഒസിയുടെ നിര്‍ദിഷ്ട എല്‍പിജി സംഭരണകേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി 2009 മുതല്‍ നടക്കുന്ന ജനകീയപ്രക്ഷോഭത്തില്‍ ഇപ്പോള്‍ പുതുവൈപ്പ് ജനത ഒന്നടങ്കം അണിചേര്‍ന്നിരിക്കുകയാണ്. അതിനാല്‍ തന്നെ തങ്ങളെ കണ്ടില്ലെന്ന് നടിച്ച് പ്ലാന്റിന് അനുകൂലമായ തീരുമാനവുമായി കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മുന്നോട്ട് പോകാന്‌കഴിയില്ലെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. ഏപ്രില്‍ 23 ന് ശേഷം പ്രക്ഷോഭം വീണ്ടും ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.