പ്രളയദുരിതാശ്വാസം: ലോക് അദാലത്ത് വെറും ‍നോക്കുകുത്തി; അനാസ്ഥ

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട പെര്‍മനന്റ് ലോക് അദാലത്ത് നോക്കുകുത്തിയായി മാറുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പെര്‍മനന്റ് ലോക് അദാലത്തുകളില്‍ ഒരുപരാതി പോലും ഇതുവരെ എത്തിയില്ല. 

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ നിലവിലുള്ള സംവിധാനം അപര്യാപ്തമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരാതികള്‍ തീര്‍പ്പാക്കാനുള്ള അപ്പലേറ്റ് അതോറിറ്റിയായി പെര്‍മനന്റ് ലോക് അദാലത്തിനെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. പ്രളയത്തിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പരാതികള്‍ കലക്ടറേറ്റില്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതും സ്വീകരിച്ച പരാതികള്‍ സമയത്ത് തീര്‍പ്പാക്കാത്തതുമാണ് സെക്കന്‍ഡ് അപ്പല്ലേറ്റ് അതോറിറ്റിയായ പെര്‍മനന്റ് ലോക് അദാലത്തിനെ നോക്കുകുത്തിയാക്കി മാറ്റുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനോ വിഷയം ജനങ്ങളെ അറിയിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നാണ് ആക്ഷേപം.

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ സഹായം തേടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ട ഗതികേട് അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.