പ്രളയത്തെ അതിജീവിക്കും; കുട്ടനാട്ടിൽ റാമോജി ഫിലിം സിറ്റി വക 116 വീടുകൾ

പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള വീടുകളുടെ നിര്‍മാണം കുട്ടനാട്ടിൽ തുടങ്ങി. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് പുനര്‍നിര്‍മാണം പുരോഗമിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി നിര്‍മിക്കുക്കുന്ന 116 വീടുകളുടെ നിര്‍മാണോല്‍ഘാടനം മന്ത്രി എ.സി.മൊയ്തീന്‍ ആലപ്പുഴയില്‍ നിര്‍വഹിച്ചു 

ഭൂനിരപ്പിൽ നിന്ന് ചുരുങ്ങിയത് ഒന്നേകാല്‍ മീറ്റർ ഉയരത്തിലാണ് വീടുകൾ നിർമിക്കുന്നത്. കോൺക്രീറ്റ് ചെയ്ത പ്രതലത്തിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന വലിയ സ്റ്റീൽ തൂണുകളിലാണ് വീട്. കോൺക്രീറ്റ് പാനലുകളും, സിമൻറ് ബോർഡുകളും ഉപയോഗിച്ച് 30 ദിവസം കൊണ്ട് ഈ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയും. കുട്ടനാട്ടിലെ മണ്ണിന്റെ ഘടനകൂടി കണക്കിലെടുത്ത് നിർമാണം. പ്രളയത്തിൽ വീട് തകർന്ന  വെളിയനാട് സ്വദേശി രമണിക്കാണ് കെഎംഎഫ് ഗ്രൂപ്പ് നിര്‍മിച്ച ആദ്യത്തെ വീട് കൈമാറിയത്.

ഐ ആം ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി പുതിയ വീടുകളുടെ നിര്‍മാണ ഉദ്ഘാടനവും നടന്നു. ആറു ലക്ഷം രൂപ ചെലവില്‍ റോമോജി ഫിലിം സിറ്റി 116 വീടുകളാണ് പാവങ്ങള്‍ക്കായി ഒരുക്കുന്നത്. കുടുംബശ്രീയുടെ പരിശീലനം ലഭിച്ച വനിതകളാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.