ഡോ.സി.വി.ആനന്ദബോസ് ബിജെപിയില്‍ ചേർന്നു; തീരുമാനം നേരത്തെ എടുത്തത്

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സി.വി.ആനന്ദബോസ് ബിജെപിയില്‍ ചേര്‍ന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ആനന്ദബോസ് അംഗത്വം സ്വീകരിച്ചു. ബിജെപിയില്‍ ചേരാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്ന് ആനന്ദബോസ് പ്രതികരിച്ചു. 

ലോക്സഭയിലേക്ക് മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഡോ.സി.വി.ആനന്ദബോസ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആനന്ദബോസിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. അഴിമതിരഹിതവും വികസനഭരിതവുമായ ഭരണത്തില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ആനന്ദബോസ് പറഞ്ഞു. എറണാകുളത്തും കൊല്ലത്തും പാര്‍ട്ടി ആനന്ദബോസിന്റെ പേര് സജീവമായി പരിഗണിക്കുന്നുണ്ടെങ്കിലും  മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവികള്‍, വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. നിലവില്‍ മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവാണ്.