‘പൊലീസ് നിൽക്കെ കസേരയെടുത്ത് തലയ്ക്കടിച്ചു, മകളുടെ കൈ കത്തികൊണ്ട് വരഞ്ഞു’

കാട്ടായിക്കോണത്ത് സിപിഎം പ്രവർത്തകനെ ആക്രമിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകരെത്തിയ കാർ തകർത്തപ്പോൾ.

കാട്ടായിക്കോണത്ത് സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജെപി വനിതാ പ്രവർത്തകരടക്കം അഞ്ചു പേർക്കും ഒരു സിപിഎം പ്രവർത്തകനും പരുക്കേറ്റു. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് സന്നാഹത്തോടൊപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ബിജെപി പ്രവർത്തകരായ കാട്ടായിക്കോണം ഓമനനഗർ നളിനീഭവനിൽ കണ്ണൻ (50), ജ്യോതി (39), മകൾ അനാമിക (18), വിജയകുമാരൻനായർ (60), അഞ്ജലി (23), സിപിഎമ്മിലെ കാട്ടായിക്കോണം സ്വദേശി അജിത്കുമാർ (45) എന്നിവർക്കാണ് പരുക്ക്. 

രാവിലെ 11.30തോടെയാണ് ആദ്യ സംഘർഷം.  സ്ലിപ്പുകൾ വിതരണം ചെയ്യാൻ ബൂത്തിലിരുന്ന പ്രവർത്തകരെ  ആക്രമിച്ചെന്നും കസേരയും മേശയും മറ്റും നശിപ്പിച്ചെന്നുമാണ് ബിജെപിക്കാരുടെ പരാതി. പൊലീസ് നോക്കി നിൽക്കെയാണ് സംഘമായെത്തിയവർ കസേരയെടുത്ത് തലയ്ക്കടിച്ചെന്നു ജ്യോതി പറഞ്ഞു. സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയും മർദിച്ചു ജ്യോതിയുടെ മകൾ അനാമികയുടെ കൈ കത്തികൊണ്ട് വരഞ്ഞു.

ബിജെപി പ്രവർത്തകരുടെ ബൂത്തിന്റെ ഇരുവശത്തും സിപിഎമ്മിന്റെ ബൂത്തുകളായിരുന്നു. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് മറയ്ക്കത്തക്ക നിലയിൽ  സിപിഎം സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്ററുകൾ വലിച്ചു കെട്ടിയത് ചോദ്യം ചെയ്തതോടെ വാക്കേറ്റവും നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഘർഷം. വൈകിട്ട് 3.30 തോടെയാണ് സിപിഎം പ്രവർത്തകനു നേരെ ആക്രമണമുണ്ടായതായി പറയുന്നത്. 

കഴക്കൂട്ടം ഭാഗത്തു നിന്ന് രണ്ടു കാറുകളിൽ ബിജെപി പ്രവർത്തകർ എത്തിയെന്നും അതിൽ ഒന്നിൽ നിന്നും ഇറങ്ങിയ ആൾ അജിത്ത്കുമാറിന്റെ തലയിൽ കുപ്പികൊണ്ടടിച്ച് പരുക്കേൽപ്പിച്ചെന്നുമാണ് സിപിഎം ആരോപിക്കുന്നത്. തലയിൽ നിന്നും രക്തം വാർന്നു നിൽക്കുന്ന അജിത്ത്കുമാറിനെ കണ്ട് ഓടിയെത്തിയ സിപിഎം പ്രവർത്തകർ കാർ തല്ലി തകർത്തു.  കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടി മറ്റൊരു കാറിൽ രക്ഷപ്പെട്ടു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ‍ കേസെടുത്തതായി എസ്പി പി.കെ മധു പറഞ്ഞു.

English Summary: CPM-BJP tussle at Kattaikonam, lathicharge; several people injured