എം.വി.ഗോവിന്ദൻ പൊളിറ്റ്ബ്യൂറോയിലേക്ക്; നിയമനം കോടിയേരിയുടെ ഒഴിവില്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൊളിറ്റ്ബ്യൂറോ അംഗമാകും. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തെതുടര്‍ന്നുള്ള ഒഴിവിലാണ് എം.വി.ഗോവിന്ദന്‍ പി.ബിയിലെത്തുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമായിരുന്ന എം.വി. ഗോവിന്ദന്‍, കോടിയേരിയുടെ അനാരോഗ്യത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന സെക്രട്ടറിയാവുകയായിരുന്നു. പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമെന്നും പാർട്ടി നൽകിയ ഉത്തരവാദിത്തം കൂട്ടായ പ്രവർത്തനത്തിലൂടെ നിർവഹിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

2021ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പിൽ നിന്ന് മൂന്നാംതവണ നിയമസഭയിലെത്തിയ എം.വി.ഗോവിന്ദന് കഴിഞ്ഞ ഒന്നരവര്‍ഷം നേട്ടങ്ങളുടേതായിരുന്നു. ആദ്യമായി മന്ത്രിയായ അദ്ദേഹം അധികം വൈകാതെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായി. രണ്ടുമാസം പിന്നിടുംമുന്‍പ് പാര്‍ട്ടിയുടെ പരമോന്നത കാര്യനിര്‍വഹണസമിതിയായ പൊളിറ്റ്ബ്യൂറോയിലുമെത്തി. 

മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു – എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദൻ 1970 ലാണു പാർട്ടി അംഗമായത്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു.

ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് സെക്രട്ടറിയായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. 

അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. എം.വി. രാഘവന്റെ ബദൽരേഖക്കാലത്ത്, പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 1991 ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ തളിപ്പറമ്പിൽനിന്ന് നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാസെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

MV Govindan to CPM polit bureau