ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒരു വിഭാഗം പുറത്ത്; ബിജെപിയില്‍ മുറുമുറുപ്പ്

ബിജെപിയെ പിടിച്ചുലച്ച കുഴപ്പണക്കേസുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ ഒരു വിഭാഗത്തെ മാറ്റിനിർത്തിയതിൽ അസ്വാരസ്യം. ഏതു വിഷയത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച് ചാനലുകളിൽ അവതരിപ്പിക്കുന്ന വിദഗ്ധരായ പാർട്ടി നേതാക്കളെയാണ് നേതൃത്വം മാറ്റി നിർത്തിയത്. വി. മുരളീധരൻ ഗ്രൂപ്പ് പക്ഷം മാത്രമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത് എന്നാണ് മറുവിഭാഗത്തിന്‍റെ പരാതി. അല്ലാത്തവരെ തിരഞ്ഞു പിടിച്ച് മാറ്റിയെന്നു വ്യക്തം. 

പി.കെ. കൃഷ്ണദാസ് പക്ഷക്കാരല്ലാത്ത സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ്, അഡ്വ. പ്രകാശ് ബാബു, അഡ്വ.സിന്ധുമോൾ എന്നിവരെപ്പോലും ലിസ്റ്റിൽ നിന്ന് മാറ്റി. ചർച്ചകളിൽ പങ്കെടുക്കുന്ന മറ്റുനേതാക്കളായ കർഷകമോർച്ച അഖിലേന്ത്യാ നേതാവ്  അഡ്വ വി.പി. ജയസൂര്യ, പി.ആർ.ശിവശങ്കർ, സന്ദീപ് വാചസ്പതി എന്നിവരെയും ഒഴിവാക്കിയത് കുഴൽപ്പണം ആ ഗ്രൂപ്പിന്റെ പ്രശ്നമാണെന്ന് പറയാതെ പറയുകയാണ് ബിജെപി സംസ്ഥാന നേതൃത്വമെന്ന് ഒരുകൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചർച്ചകളിൽ നിന്നും ഒഴിവാക്കിയതിലുള്ള മുറുമുറുപ്പ് പരസ്യമാക്കാൻ ആരും തയ്യാറല്ല. എങ്കിലും എന്തും പറഞ്ഞ് പാർട്ടിയെ ന്യായീകരിക്കുന്ന ‘ന്യായീകരണത്തൊഴിലാളികളാ’കാൻ താൽപര്യമില്ലെന്നും ഇവർ രഹസ്യമായി വ്യക്തമാക്കുന്നു. തങ്ങളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ നേതൃത്വത്തിനും സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഉർവശീശാപം ഉപകാരം എന്നാണ് ഒഴിവാക്കപ്പെട്ടവർ പരിഹാസത്തോടെ പറയുന്നത്. 

നിയമപരമായി കേസിൽ നിന്നു രക്ഷപ്പെടാം. എന്നാൽ ധാർമികതയാണ് ഇവിടെ പ്രശ്നം. ചാനലുകളിൽ മുഖപരിചയമുള്ളവർ പറഞ്ഞാലേ ജനങ്ങൾ വിശ്വസിക്കൂവെന്നും ചർച്ചകളിൽ നിന്നും ഒഴിവാക്കപ്പെട്ടവർ പറയുന്നു.