‘അടിച്ച് ചെവിക്കല്ല് പൊട്ടിക്കും’; കൗണ്‍സിലറെ ചീത്ത വിളിച്ച് ബിജെപി നഗരസഭാധ്യക്ഷ; വിഡിയോ

പന്തളത്ത് ബിജെപി കൗൺസിലറെ അസഭ്യം പറഞ്ഞ് ബിജെപിയുടെ തന്നെ നഗരസഭാ അധ്യക്ഷ. രൂക്ഷമായ തർക്കത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഭരണസമിതിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയായി. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ നഗരസഭയുടെ നഗരസഭാ അധ്യക്ഷ സുശീല സന്തോഷും ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറുമായ കെ.വി.പ്രഭയും തമ്മിൽ തർക്കമുണ്ടായത്. 

ഹാളിലേക്ക് ക്ഷുഭിതയായി കയറിവന്ന അധ്യക്ഷ അസഭ്യം പറയുന്നതും മേലാൽ ഇനി ആവർത്തിക്കരുതെന്നു താക്കീത് നൽകുന്നതുമാണ് ദൃശ്യങ്ങളിൽ. ഭൂമിയോളം താൻ ക്ഷമിച്ചെന്നും ഇനി ആവർത്തിച്ചാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നും വിഡിയോയിൽ പറയുന്നത് കേൾക്കാം. തർക്കം കടുത്തതോടെ അധ്യക്ഷ കൗൺസിലറെ അസഭ്യം പറഞ്ഞു. വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസം സംസ്ഥാന നേതൃത്വം ഇടപെട്ടു പരിഹരിച്ച് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ സംഭവം. 

സുശീല സന്തോഷിനെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭർത്താവ് ഓഫിസിലിരിക്കുന്ന ചിത്രം പ്രഭ ബിജെപിയുടെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ ഇട്ടതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരം. ഭരണസമിതി അംഗം തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തിൽ പ്രതികരിച്ചു പോയതാണെന്ന് അധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു. വിഡിയോ ദൃശ്യം പകർത്തിയതും പ്രചരിപ്പിച്ചതും ആരാണെന്ന് അന്വേഷിക്കണമെന്ന്‌ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. അതേസമയം അധ്യക്ഷയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു പ്രതികരണം ആദ്യമല്ലെന്ന് കെ.വി.പ്രഭ പ്രതികരിച്ചു.