കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കൽ തീരുമാനം; അട്ടിമറിച്ച് ഉദ്യോഗസ്ഥ സമിതി

കുപ്പിവെള്ളവില 13 രൂപയാക്കാനുള്ള ശ്രമം അട്ടിമറിച്ച് ഉദ്യോഗസ്ഥ സമിതി. കുപ്പിവെള്ളത്തെ അവശ്യസാധനനിയമത്തിന്റെ പരിമിതിയില്‍ പെടുത്താനാവില്ലെന്ന് കാണിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിലനിയന്ത്രിക്കാനുള്ള നീക്കം നടപ്പാവില്ലെന്ന് ഉറപ്പായി.

കഴിഞ്ഞ മെയ് പത്തിനാണ് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കണമെന്ന് തീരുമാനിച്ചത്.  കുപ്പിവെള്ള നിര്‍മാതാക്കളും ഭക്ഷ്യ–സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ധാരണ. എന്നാല്‍ പിന്നീട് ബഹുരാഷ്ട്ര കുപ്പിവെള്ള കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഇക്കാര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥതല സമിതിയെ നിയോഗിക്കുകയായിരുന്നു. കുപ്പിവെള്ളത്തെ അവശ്യസാധനനിയമത്തിന്റെ പരിധിയില്‍ പെടുത്താനാവില്ലെന്ന റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇപ്പോള്‍ നിയമവകുപ്പിന് കൈമാറിയിരിക്കുകയാണ്.

കമ്പനികള്‍ വിലകൂട്ടിയാല്‍ നടപടിയെടുക്കുന്നതിന്  കുപ്പിവെള്ളത്തെ അവശ്യസാധനനിയമത്തിന്റെ പരിധിയില്‍ പെടുത്തുന്നത് അനിവാര്യമാണ്. സര്‍ക്കാര്‍ ഏകപക്ഷീയമായി വില നിശ്ചയിച്ചാല്‍ വന്‍കിടകമ്പനികള്‍ കോടതിയെ സമീപിക്കുമെന്ന സാഹചര്യത്തിലായിരുന്നു ഇക്കാര്യം പഠിക്കാന്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചത്. സമിതി തന്നെ വിലകുറയ്ക്കുന്നതിനെ എതിര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടി സംബന്ധിച്ച് സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലാണ്.

MORE IN KERALA