വെള്ളത്തിന് കൊഴുപ്പ്, ദു‍ർഗന്ധം; പൊതു പൈപ്പിനുള്ളിൽ അഴുകിയ പാമ്പ്, ചത്ത മീനുകൾ

വടകര: അറക്കൽ മാളിയക്കൽ കടപ്പുറത്തെ പൊതു പൈപ്പിനുള്ളിൽ വെള്ളത്തിനൊപ്പം അഴുകിയ പാമ്പിന്റെ അവശിഷ്ടം. 170 കുടുംബങ്ങൾക്കായി ഇവിടെ സ്ഥാപിച്ച 3 പൈപ്പിൽ ഒന്നിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ വൈകിട്ട് വെള്ളം പുറത്തു വരുന്നതിന് തടസ്സമുണ്ടായിരുന്നു. ഇതിനു പിന്നാലെ പാമ്പിന്റെ ഭാഗം പുറത്തു വന്നു.

ദു‍ർഗന്ധത്തിനു പുറമേ വെള്ളത്തിന് കൊഴുപ്പും അനുഭവപ്പെട്ടു. 3 മാസം മുൻപ് ഒരു പൈപ്പിൽനിന്ന് ചത്ത മീനുകളെ കിട്ടിയിരുന്നു. അന്ന് പരാതിപ്പെട്ടിരുന്നു. കിണറില്ലാത്ത പ്രദേശത്ത് വീട്ടുകാർ കുടിക്കാനും പാചകം ചെയ്യാനും പൊതു പൈപ്പിനെയാണ് ആശ്രയിക്കുന്നത്. 

കുറെ വീടുകളിൽ കുഴൽകിണറുണ്ടെങ്കിലും കടലോര മേഖലയായതു കൊണ്ട് ഉപ്പു വെള്ളമാണ്. 2 ദിവസം കൂടുമ്പോഴാണ് പൈപ്പിൽ വെള്ളം എത്തുന്നത്. ഇതു കൊണ്ട് വീട്ടുകാർ പരമാവധി വെള്ളം ശേഖരിക്കുമായിരുന്നു. പാമ്പിനെ കിട്ടിയതോടെ മറ്റു പൈപ്പിൽ നിന്നും വെള്ളം എടുക്കാതായി. വീട്ടുകാർ വളരെ അകലെ പോയി വെള്ളം കൊണ്ടു വരേണ്ട ഗതികേടിലാണ്.