വേനലിലും മഴയിലും ഇവിടെ കുടിവെള്ളമില്ല; ദുരിതംപേറി ഒരു ഗ്രാമം

ഇടുക്കിയിൽ വേനലിലും മഴയിലും ഒരേപോലെ കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട ഗതികേടിൽ ഒരു ഗ്രാമം. രാമക്കൽമേടിന് സമീപം ചക്കക്കാനം - കാറ്റാടിപ്പാടം മേഖലയിലുള്ളവരാണ് കുടിവെള്ള പദ്ധതി നിലച്ചതിനാൽ ദുരിതം അനുഭവിക്കുന്നത്. രണ്ട് കുടിവെള്ള പദ്ധതികൾ മേഖലയിൽ ഉണ്ടെങ്കിലും ഒന്നുപോലും ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഈ കുടിവെള്ള പദ്ധതി നിലച്ചിട്ട് രണ്ടുവർഷമായി. എന്നാൽ പദ്ധതി പുനസ്ഥാപിക്കാൻ അധികൃതരാരും ഇതുവരെയും തുനിഞ്ഞിട്ടില്ല. ഇതോടെ മേഖലയിലെ കൂലിപ്പണിക്കാരായ അൻപതോളം കുടുംബങ്ങളാണ് കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലായത്.

വെള്ളം വാങ്ങാൻ നിവൃത്തിയില്ലാത്തവർ പഞ്ചായത്ത് അടിച്ചു കൊടുക്കുന്ന മലിനജലമാണ് കുടിക്കുന്നത്. മഴനിഴൽ പ്രദേശമായ ഇവിടെ വിവിധ പദ്ധതികൾ അധികൃതർ നടപ്പാക്കിയെങ്കിലും ഒരു പ്രയോജനവുമില്ലെന്ന് നാട്ടുകാർ പറയുന്നു.