പത്തു ദിവസമായി കുടിവെള്ളമില്ല; വലഞ്ഞ് ജനം; ജല അതോറിറ്റിക്ക് മെല്ലെപ്പോക്ക്

ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങിയിട്ട് പത്തു ദിവസമായിട്ടും ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് മാറ്റൽ മന്ദഗതിയിൽ തന്നെ. കുടിവെള്ളം കിട്ടാതെ നൂറുകണക്കിന് ജനങ്ങൾ വലയുമ്പോഴാണ് ജല അതോറിറ്റിയുടെ മെല്ലെപ്പോക്ക്. കഴിഞ്ഞ 17 ന് നിർത്തിയ ജലവിതരണം എന്ന് പുനരാരംഭിക്കുമെന്ന് കൃത്യമായി പറയാനും ജല അതോറിറ്റിക്ക് ആകുന്നില്ല.

ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്ത ശേഷം 75 തവണയാണ് പൈപ്പ് ചോർന്നത്. തുടർച്ചയായി പൊട്ടുന്ന നിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ രണ്ടു വർഷം മുൻപ് തീരുമാനിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ പൈപ്പുമെത്തിച്ചു മൂന്നു റീച്ചിലായി1520 മീറ്റർ പൈപ്പാണ് മാറ്റി സ്ഥാപിക്കേണ്ടത്. നാലു ദിവസത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം ഒരു പൈപ്പ് മാറ്റി സ്ഥാപിച്ചത്. ഇനി രണ്ടെണ്ണം കൂടി സ്ഥാപിച്ചെങ്കിലെ പത്തു ദിവസം മുൻപ് നിർത്തിയ പമ്പിങ്ങ് പുനരാരംഭിക്കാനാകൂ.

രണ്ടാം റീച്ചിലെ പണി പൂർത്തിയാക്കാതെയാണ് മൂന്നാം റീച്ചിലെ പൈപ്പ് മാറ്റൽ തുടങ്ങിയത്. പൈപ്പ് പൊട്ടൽ പതിവായതോടെ കോടികൾ മുടക്കി നിർമിച്ച അമ്പലപ്പുഴ -തിരുവല്ല സംസ്ഥാനപാതയും തകർന്നു. രണ്ടോ മൂന്നോ പേർ മാത്രമാണ് ജോലിക്കുള്ളത്. കരാറുകാരൻ്റെ അനാസ്ഥയെ പഴിപറഞ്ഞ് ജല അതോറിറ്റി കൈ കഴുകുമ്പോൾ വെള്ളം കിട്ടാൻ ഇനി എന്തു ചെയ്യണമെന്നറിയാതെ ജനവും വലയുന്നു.