ബസ് ഓടിക്കാൻ തയ്യറാകുന്നില്ല; പരാതി പറഞ്ഞാൽ അവഹേളനം

കോട്ടയം ജില്ലയുടെ മലയോര ഗ്രാമങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച കെഎസ്ആര്‍ടിസി നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് വാഗമണ്‍, തലനാട് പ്രദേശങ്ങളിലേക്കുള്ള പകുതിയിലേറെ സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. കെഎസ്ആര്‍ടിസിയുടെ നടപടിമൂലം വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെ ദുരിതത്തിലായി. 

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മലയോരമേഖലകളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിഷ്കരുണം വെട്ടിക്കുറച്ചത്. ഗതാഗത സൗകര്യം നാമമാത്രമായ വാഗമണ്‍, കൈപ്പള്ളി, പറത്താനം, തലനാട് മേഖലയിലേക്കുള്ള സര്‍വീസുകളാണ് വെട്ടിക്കുറച്ചതില്‍ ഏറെയും. ഈരാറ്റുപേട്ട ഡിപ്പോയുടെ 7 സ്റ്റേ സർവീസുകള്‍ ഉൾപ്പെടെ ഇരുപതിലേറെ സര്‍വീസുകള്‍ നിര്‍ത്തലാക്കി. പല സർവീസുകളും ഓരോ ഗ്രാമങ്ങളിൽ നിന്നുള്ള രാവിലത്തെ ആദ്യത്തെ ബസാണ്.  ദീർഘദൂര യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏക ആശ്രയം. സര്‍വീസുകള്‍ മുടങ്ങിയതോടെ കുട്ടികളുടെ പഠനം പോലും അവതാളത്തിലായി. 

ബസ് ചാർജിന്‍റെ പതിനഞ്ചിരട്ടിയോളം നല്‍കി ഓട്ടോയിലും മറ്റുമാണ് പലരും ലക്ഷ്യ സ്ഥാനങ്ങളിലും തിരിച്ച് വീട്ടിലും എത്തുന്നത്. ജീവനക്കാരുടെ കുറവ് കാരണമായി പറയുമ്പോളും ഡിപ്പോയില്‍ നിന്ന് കോട്ടയത്തിനും ആലപ്പുഴക്കും ഫാസ്റ്റ് പാസഞ്ചറുകൾ ഓടിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സ്റ്റേ ഉള്ള ഫാസ്റ്റ് പാസഞ്ചറും കൃത്യമായി ഓടുന്നു. ഈരാറ്റുപേട്ട ഡിപ്പോയില്‍ യാത്രക്കാര്‍ തിങ്ങിനിറയുമ്പോളും വെറുതെ കിടക്കുന്ന ഒരു ബസ് പോലും ഓടിക്കാന്‍ ഡിപ്പോ അധികൃതര്‍ തയ്യാറല്ല. പരാതിയുമായി എത്തുന്നവരെ അവഹേളിച്ച് പറഞ്ഞുവിടുന്നത് പതിവാണെന്നും യാത്രക്കാര്‍ പറയുന്നു.