ടൂറിസ്റ്റ് ബസ് ‘ഒരുങ്ങിയിറങ്ങിയില്ല’; കല്ല്യാണത്തിന് ഓടിയെത്തി കെഎസ്ആർടിസി

മോട്ടർ വാഹന വകുപ്പു പറഞ്ഞതുപോലെ നിറം മാറിയൊരുങ്ങാൻ ടൂറിസ്റ്റ് ബസിനു സമയം കിട്ടിയില്ല; കല്യാണത്തിന് ഓടിയെത്തിയതു കെഎസ്ആർടിസി. കൊല്ലം ഇടവട്ടം സ്വദേശിയുടെ ചങ്ങനാശേരിയിൽ നടന്ന വിവാഹത്തിനായാണു കെഎസ്ആർടിസി ലോഫ്ലോർ എസി ബസുകൾ ബുക്ക് ചെയ്തത്. പൊരീക്കൽ ഇടവട്ടം ഗ്രീഷ്മത്തിൽ റിട്ട.തഹസിൽദാർ ഡി.രാജൻപിള്ളയുടെ മകൻ ഹേമന്ദ് രാജിന്റെ വിവാഹത്തിനായി ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസുകൾ സമയത്തു കിട്ടിയില്ല.

വെള്ളനിറം അടിക്കാൻ സമയം കിട്ടാത്തതിനാൽ ബസുടമകൾ ബുക്കിങ് റദ്ദാക്കുകയായിരുന്നു. പിന്നീടാണു കെഎസ്ആർടിസിയെ സമീപിച്ചതും വരന്റെ കൂട്ടർക്കായി തിരുവനന്തപുരം ഡിപ്പോയിൽനിന്നു ബുക്ക് ചെയ്ത ബസുകൾ എത്തിയതും. കണ്ടക്ടർ ഇല്ലാതെയായിരുന്നു യാത്ര.കറുകച്ചാൽ ഇന്ദിരാ മന്ദിരത്തിൽ കെ.എം.സുധീഷ് ബാബുവിന്റെ മകൾ എസ്.കാവ്യയുമായിട്ടായിരുന്നു ഹേമന്ദിന്റെ വിവാഹം. വരന്റെ വീട്ടുകാർ 6 ലോഫ്ലോർ ബസും വധുവിന്റെ വീട്ടുകാർ 3 എണ്ണവുമാണ് ഏർപ്പാടാക്കിയത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ് ഇത്തരം യാത്രകൾക്കുള്ള സർവീസുകൾ ഏകോപിപ്പിക്കുന്നത്. സ്കൂളുകൾക്കും കോളജുകൾക്കും കല്യാണത്തിനുമായി ഇതുവരെ 63 ബസുകൾ നൽകി. 18 ലക്ഷം രൂപ വരുമാനവും ലഭിച്ചു.