കടലോളം കടലറിവുകളുമായി സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മ്യൂസിയം

കടലോളം കടലറിവുകളുമായി കൊച്ചിയിലെ സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് കടല്‍ കൗതുകങ്ങള്‍ കാണാന്‍ മ്യൂസിയത്തിലെത്തിയത്.

അയല,മത്തി,ചാള,ചൂര,ഐക്കൂറ,നത്തോലി തുടങ്ങി നാട്ടുകാര്‍ക്കെല്ലാമറിയുന്ന  മീനുകള്‍ മുതല്‍  വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കടല്‍മീനുകളുടെ വരെ കലവറയാണ് സിഎംഎഫ്ആര്‍ഐ നാട്ടുകാര്‍ക്കു മുന്നില്‍ തുറന്നിട്ടത്. 

ആയിരത്തിയിരുന്നൂറോളം മല്‍സ്യ ഇനങ്ങളെ കുറിച്ചുളള സമഗ്ര വിവരങ്ങള്‍ ,ഒപ്പം കടല്‍ജീവികളെയും കടല്‍സസ്യങ്ങളെയും കുറിച്ചുളള അറിവുകളും. കടലിലെ വര്‍ണ മല്‍സ്യങ്ങള്‍ നിറഞ്ഞ അക്വേറിയവും മറ്റൊരു സവിശേഷതയായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു മ്യൂസിയത്തിലെ സന്ദര്‍ശകരിലേറെയും.

സിഎംഎഫ്ആര്‍ഐ സ്ഥാപക ദിനാഘോഷത്തിന്‍റെ ഭാഗമായാണ് മ്യൂസിയം ഒരു ദിവസത്തേക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.