പ്രളയദുരിതാശ്വാസം അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; പതിനായിരം പോലും കിട്ടാത്തവരുണ്ടെന്ന് പ്രതിപക്ഷം

പ്രളയത്തില്‍ നഷ്ടം നേരിട്ടവര്‍ക്ക് സഹായങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനോപാധി നഷ്ടമായവര്‍ക്കായി പദ്ധതി വരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ പതിനായിരം രൂപപോലും കിട്ടാത്തവര്‍ ഇപ്പോഴുമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

പൂര്‍ണമായും നശിച്ച 13,362 വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയായിക്കഴിഞ്ഞു. രണ്ടുലക്ഷത്തി ഇരുപത്തിനാലായിരത്തി അറുന്നൂറ്റിപ്പത്ത് കര്‍ഷകര്‍ക്ക് സഹായം നല്‍കി. അര്‍ഹതയുളളവരെ വിട്ടുപോയെങ്കില്‍ ഉള്‍പെടുത്തും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്നസമീപനമാണമെന്ന് മുഖ്യമന്ത്രി  എന്നാല്‍ തകര്‍ന്ന വീടുകളുടെ  അന്തിമപട്ടികപോലും സര്‍ക്കാര്‍ തയാറാക്കിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.  

സര്‍ക്കാരിന്റ വീഴ്ചയാണ് വിഴിഞ്ഞം പദ്ധതി നീണ്ടുപോകാന്‍ കാരണമെന്ന പി.സി ജോര്‍ജിന്റേയും പ്രതിപക്ഷത്തിന്റേയും ആരോപണം മുഖ്യമന്ത്രി തള്ളി. ഓഖി ദുരന്തവും  പാറക്ഷാമവുമാണ് കാലതാമസത്തിന് കാരണമെന്നും പാറലഭ്യമാക്കാന്‍ നടപടിയെടുത്തെന്നും  മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ അവസാനിച്ചശേഷം എം. വിന്‍സെന്റ് ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റത് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി