എല്ലാം ഉരുളെടുത്തു; കൺമുന്നിലൂടെ, ‍ഞെട്ടൽ വിട്ടുമാറാതെ ഒരു കുടുംബം

 കോട്ടമൺപാറ ലക്ഷ്മി ഭവനിൽ സഞ്ജയന്റെയും കുടുംബത്തിന്റെയും ആശങ്കകൾ ഇനിയും വിട്ടുമാറിയിട്ടില്ല. പകൽ പോലും ഇവർക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഇളകി മറിഞ്ഞ് വരുന്ന മലവെള്ളമാണ് മനസ്സിൽ. കഴിഞ്ഞ ശനി, തിങ്കൾ ദിവസങ്ങളിൽ ആങ്ങമൂഴി അടിയാൻകാല വനത്തിൽ ഉണ്ടായ 2 ഉരുൾപൊട്ടലിനു സാക്ഷിയായ കുടുംബം തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ജീവനെ ഭയന്ന് ബന്ധു വീട്ടിലേക്കു രാത്രി താമസം മാറിയെങ്കിലും ആശങ്കയുടെ മുൾമുനയിലാണ് ഇവർ.

റിട്ട.അധ്യാപകരായ പി.എൻ.ദാമോദരൻ–ലക്ഷ്മിക്കുട്ടിയമ്മ എന്നിവരുടെ മകനായ ബിരുദാനന്തര ബിരുദധാരിയായ സഞ്ജയൻ കൃഷിയോടുള്ള താൽപര്യത്തിനാണു കാർഷിക മേഖലയിൽ സജീവമായത്. കഴിഞ്ഞ 50 വർഷമായി താമസിക്കുന്ന വീടിന്റെ മുറ്റത്ത് ആദ്യമായാണ് മലവെള്ളം കയറുന്നത്. സ്വന്തം കാർ ഉൾപ്പെടെയുള്ള സമ്പാദ്യങ്ങൾ മലവെള്ളത്തിൽ മറയുന്നതു കാഴ്ചക്കാരെ പോലെ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ എന്ന് സഞ്ജയൻ പറയുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ പോലും തോട് കവിഞ്ഞ് കൃഷി സ്ഥലത്തേക്കു വെള്ളം കയറിയിരുന്നില്ല.

ആദ്യ ദിവസത്തെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാർ ഇനിയും കണ്ടെത്താനായില്ല. തിങ്കളാഴ്ചത്തെ ഉരുൾപൊട്ടലിൽ മലവെള്ളം എത്തുന്നതു കണ്ട് മാതാപിതാക്കളെയും കൊണ്ടു സമീപ വീട്ടിലേക്കു ഓടി മാറുകയായിരുന്നു. പിന്നാലെ വീട്ടുമുറ്റത്തേക്കു വെള്ളം ഇരച്ചു കയറി. പിന്നീട് മറ്റൊരു വഴിയിലൂടെയാണ് സഞ്ജയനും ഭാര്യ സുജയും വീട്ടിൽ എത്തുന്നത്.  ഇതിനോടകം തന്നെ വെള്ളപ്പാച്ചിലിൽ ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.ആദ്യ ഉരുൾപൊട്ടലിൽ കണ്ടെടുത്ത സാധനങ്ങൾ വീട്ടുമുറ്റത്ത് കൂട്ടി ഇട്ടിരുന്നു. തിങ്കളാഴ്ച അവയും ഒലിച്ചുപോയി. വില്ലേജ് ഓഫിസറുടെ നിർദേശാനുസരണം ഇന്നലെ ജീപ്പ് സ്ഥലത്തു നിന്ന്  മാറ്റി. റബർ റോളർ പുര, റബർ ഷീറ്റ് പുകപ്പുര, സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന സ്റ്റോർ, വീടിന്റെ മുറ്റത്ത് സൂക്ഷിച്ചിരുന്ന ഫർണിച്ചർ, കാർഷിക വിളകൾ തുടങ്ങിയ മലവെള്ളത്തിൽ ഒലിച്ചുപോയി.