കെ.പി.സി.സി സെക്രട്ടറിതലത്തിൽ അഴിച്ചുപണിയുണ്ടായേക്കും

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി സെക്രട്ടറിതലത്തിലും അഴിച്ചുപണിയുണ്ടായേക്കും. പ്രവര്‍ത്തനമികവുള്ള സെക്രട്ടറിമാരില്‍ ഏതാനും പേരെ ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കാനാണ് ആലോചന. നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരില്‍ എ,എ ഗ്രൂപ്പുകളില്‍ നിന്നായി ഒാരോരുത്തരെ വീതം നിലനിര്‍ത്താനും ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.

 ജനറല്‍ സെക്രട്ടറിമാരുടെ കാര്യത്തില്‍ മാത്രം പുനസംഘടന മതിയെന്നും സെക്രട്ടറിമാര്‍ അതേപടി തുടരട്ടെയെന്നുമായിരുന്നു നേരത്തെയുള്ള ധാരണ. ഇതിനെതിരെ സെക്രട്ടറിമാര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയ സാഹചര്യത്തിലാണ്  പ്രവര്‍ത്തനമികവ് തെളിയിച്ച കുറച്ചുപേര്‍ക്കെങ്കിലും ജനറല്‍ സെക്രട്ടറിമാരാക്കാന്‍ ധാരണയായിരിക്കുന്നത്. ഇവരുടെ ഒഴിവിലേക്ക്  പ്രധാന കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തും. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം ഇരുപത്തിയഞ്ചോ മുപ്പതോ ആയി നിജപ്പെടുത്തു. 15 പേര്‍ മതിയെന്ന കെ.പി.സിസി അധ്യക്ഷന്റ നിര്‍ദേശം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അംഗീകരിച്ചില്ല. എ.െഎ. പക്ഷത്ത് നിന്ന് 11 വീതവും ടോമി കല്ലാനി ഉള്‍പ്പടെ നിഷ്പക്ഷരായ മൂന്നുപേരും ഉള്‍പ്പടെ 25 ജനറല്‍ സെക്രട്ടറിമാര്‍ എന്നായിരുന്നു കഴിഞ്ഞദിവസമുണ്ടായ ധാരണ.

എന്നാല്‍ സെക്രട്ടറിമാര്‍ക്ക് കൂടി സ്ഥാനക്കയറ്റം നല്‍കേണ്ടിവരുന്നതോടെ എണ്ണം  കൂടും. നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരില്‍ എ ഗ്രൂപ്പില്‍ നിന്ന് തമ്പാനൂര്‍ രവിയേയും െഎ ഗ്രൂപ്പില്‍ നിന്ന് ശൂരനാട് രാജശേഖരനേയും നിലനിര്‍ത്തും. പുതിയതായി ചേര്‍ക്കേണ്ടവരുടെ പട്ടികയും ഇരുഗ്രൂപ്പുകളും തയാറാക്കി കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ അന്തിമപട്ടിക പ്രഖ്യാപിക്കും.