കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

കെപിസിസി അംഗവും മുൻ കണ്ണൂർ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനി അന്തരിച്ചു  54 വയസായിരുന്നു. കഴിഞ്ഞ  19ന് രാത്രി പക്ഷാഘാതം വന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാളെ രാവിലെ പതിനൊന്നിന് പയ്യാമ്പലത്താണ് സംസ്കാരം. ഡി.സി.സി ഓഫിസില്‍നിന്ന് പയ്യാമ്പലത്തേക്ക് വിലാപയാത്രയായണ് മൃതദേഹം കൊണ്ടുപോവുക. ഇന്ന് പാച്ചേനിയിലെ തറവാട്ടുവീട്ടിലും തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസിലും നാളെ രാവിലെ ഡി.സി.സിയിലും പൊതുദര്‍ശനമുണ്ട്.   

കണ്ണൂർ തളിപ്പറമ്പിലെ പാച്ചേനിയെന്ന സി.പി.എം പാർട്ടി ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ  ജനിച്ച സതീശൻ പാച്ചേനിയുടെത് വ്യത്യസ്ത രാഷ്ട്രീയ വഴിയായിരുന്നു. സി.പി.ഐ നേതാവായിരുന്ന മുത്തച്ഛൻ ഉറുവാടന്റെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ സതീശനെ ഇടതിലേക്ക്  അടുപ്പിച്ചില്ല. വിദ്യാർത്ഥിയായിരിക്കെ  കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനരംഗത്തെത്തിയ സതീശൻ  കെഎസ്‍യു സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കോൺഗ്രസിലെ സൗമ്യമുഖം, ആദർശരാഷ്ട്രീയമെന്നും എന്നും ഉയർത്തി പിടിച്ച നേതാവ്. കണ്ണൂരിലെ കോൺഗ്രസിന്റെ  വളർച്ചയെ സതീശന്റെ പേരില്ലാതെ  അടയാളപ്പെടുത്താനാവില്ല  വളർച്ചയിലും തളർച്ചയിലും പാർട്ടിക്ക് വേണ്ടി നില കൊണ്ടു , അർഹതയുണ്ടായിട്ടും പല സ്ഥാനമാനങ്ങളും സതീശനെ കടാക്ഷിച്ചില്ലയെന്നതാണ് യഥാർത്ഥ്യം.  കെപിസിസി ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൺസ്യൂമർഫെഡ് ബോർഡ് അംഗമായിരുന്നു. 5 തവണ നിയമസഭയിലേക്കും 2009ൽ എം.ബി.രാജേഷിനെതിരെ പാലക്കാട് പാർലമെന്റ് മണ്ഡലത്തിലേക്കും മത്സരിച്ചിട്ടുണ്ട്. മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ വി.എസ്.അച്യുതാനന്ദനെതിരെ 2001 ലും 2006 ലും മത്സരിച്ചു.കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരെ  2016ലും 2021 ലും  തളിപ്പറമ്പിൽ  എം.വി.ഗോവിന്ദനെതിരെയും 1996 ലും മത്സരിച്ചു , ഒരിടത്തും വിജയം സതീശനൊപ്പം നിന്നില്ല. കണ്ണൂരിൽ 6 കോടി രൂപ ചെലവിട്ട്, ഡിസിസി ഓഫിസ് നിർമാണം പൂർത്തിയാക്കിയത് സതീശന്റെ നേതൃ മികവിന്റെ അടയാളമാണ്.2016 ഡിസംബർ മുതൽ 5 വർഷത്തോളം കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. ജില്ലയിൽ കോൺഗ്രസ് എ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്ന അദ്ദേഹം 2016ൽ കെ.സുധാകരന്റെ ആവശ്യപ്രകാരം ഐ ഗ്രൂപ്പിലേക്കു മാറുകയും ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.

Congress leader Satheesan pacheni passes away