കോൺഗ്രസിന്റെ കണ്ണുവെട്ടിച്ച് എൽദോസ്; മുന്നറിയിപ്പുമായി കെപിസിസി

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് കെപിസിസിയുടെ മുന്നറിയിപ്പ്. ഈ മാസം ഇരുപതിനകം വിശദീകരണം നല്‍കണമെന്ന് കെപിസിസി അറിയിച്ചു. പൊതുപ്രവര്‍ത്തകന്റെ പേരില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതര ആരോപണമാണ് ഉണ്ടായത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയെന്നും കെ.പി.സി.സി. 

എൽദോസുമായി പല തരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു. എൽദോസിനെ സസ്പെൻഡ് ചെയ്യുന്ന കാര്യം കെപിസിസി ആലോചിക്കുമ്പോൾ, പൊലീസ് നടപടി ഉറപ്പാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. എംഎൽഎയുടെ മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കാൻ പൊലീസ് സ്പീക്കറുടെ അനുമതി തേടി. 

വിശദീകരണം തേടി ഇമെയിലിൽ കെപിസിസി അയച്ച കത്തിന് പോലും എൽദോസ് മറുപടി നൽകിയിട്ടില്ല.  എന്നാൽ മറുപടിക്കായി അനന്തമായി കാത്തു നിൽക്കില്ലെന്നും നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. പാർലമെന്ററി പാർട്ടിയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ കെ.പി.സി.സി അംഗമായ എൽദോസ് പാർട്ടിയിൽ ചുമതലകൾ ഒന്നും വഹിക്കുന്നില്ലെങ്കിലും പാർട്ടി അംഗത്വത്തിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്യുന്ന കാര്യമാണ് ആലോചനയിൽ. അതേസമയം, എൽദോസിനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് പൊലീസ്.

KPCC warning to Eldhos Kunnappilly MLA