ജാമ്യവ്യവസ്ഥ ലംഘിച്ച് റായ്പൂരില്‍ പോയി; എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ആക്ഷേപം

പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ആക്ഷേപം. കേസ് അന്വേഷണം നടക്കുന്ന കാലയളവിൽ കോടതിയുടെ അനുമതിയോടെ മാത്രമേ കേരളം വിട്ട് പുറത്ത് പോകാവൂ എന്ന വ്യവസ്ഥ എംഎൽഎ ലംഘിച്ചു. റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ പോയിരുന്നു. ഈ യാത്രയ്ക്ക് കോടതിയിൽ മുൻകൂർ അപേക്ഷ നൽകിയിരുന്നില്ല. എന്നാൽ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ല എന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ വാദം. കേസിനെ തുടർന്ന് പാർട്ടി ഏർപ്പെടുത്തിയ സസ്പെൻഷൻ കഴിഞ്ഞ 21 നാണ് പിൻവലിച്ചത്. 22 ന് റായ്പൂരിലേക്ക് പോകാൻ നിർദേശം കിട്ടി. മടങ്ങിവന്ന ശേഷം സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോയതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 20 നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.