ഹര്‍ത്താലും പണിമുടക്കും ബാധിച്ചില്ല; അന്നും ഒാടി മാത്യകയായി മെട്രോ

ഹര്‍ത്താലിലും പണിമുടക്കിലും പ്രവര്‍ത്തനം തടസ്സപ്പെടാതെ കൊച്ചി മെട്രോ. പണിമുടക്കില്‍ വാഹനമില്ലാതെ വലഞ്ഞ ആയിരങ്ങള്‍ക്കാണ് കൊച്ചി മെട്രോ ആശ്രയമായത്. മുപ്പത്തയ്യായിരത്തോളം പേരാണ് ബുധനാഴ്ച കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. 

ഹര്‍ത്താല്‍, പണിമുടക്ക് ദിനങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകുമ്പോള്‍ നാട്ടുകാര്‍ക്ക് ആശ്വാസമാവുകയാണ് കൊച്ചി മെട്രോ. സാധാരണ ദിവസങ്ങളില്‍ ഉള്ളതിനേക്കാള്‍ യാത്രക്കാര്‍ കുറവാണെങ്കിലും മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ ഏറെയാണ്. ശബരിമല കര്‍മസമിതി ഈമാസം മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ 23,113 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ദേശീയ പണിമുടക്കിന്റെ ആദ്യദിനമായ എട്ടിന് 31,773 പേരാണ് മെട്രോയെ ആശ്രയിച്ചത്. പണിമുടക്കിന്റെ രണ്ടാം ദിനം യാത്രക്കാരുടെ എണ്ണം വീണ്ടും കൂടി. 

സാധാരണ ദിവസങ്ങളില്‍ നാല്‍പതിനായിരത്തിലേറെ പേരാണ് മെട്രോയില്‍ യാത്രചെയ്യുന്നത്. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെയുള്ള അവധിക്കാലത്ത് ശരാശരി അരലക്ഷം പേരാണ് പ്രതിദിനം മെട്രോയില്‍ യാത്രചെയ്തത്. വൈറ്റിലയിലേക്കുകൂടി ഈവര്‍ഷം സര്‍വീസ് എത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് മെട്രോ ആശ്രയമാകും.