കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അംഗീകാരം; ആകെ 11.17 കി.മീ; ചെലവ് 1957 കോടി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. 11.17 കിലോമീറ്റര്‍ പാതയ്ക്ക് 1957.05 കോടിയാണ് ചെലവ്. ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായ പി.എം ശ്രീ സ്കൂള്‍ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ  രണ്ടാംഘട്ട പാത കാക്കനാട് വഴിയാണ്  കടന്നു പോകുന്നത്.  രണ്ടാംഘട്ടത്തില്‍ പതിനൊന്ന് സ്റ്റേഷനുകളാണുള്ളത്.  ഗതിശക്തി പദ്ധതിയുടെ ഭാഗമായി റെയില്‍ഭൂമി ദീര്‍ഘകാല പാട്ടത്തിന് നല്‍കാനുള്ള തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു.  അഞ്ചുവര്‍ഷത്തിനുള്ളില്‍ 300 കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കും, ഇതുവഴി 1.2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 

ഇതോടെ  റെയില്‍വെയുടെ ചരക്ക് നീക്കം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. രാജ്യത്താകെ തിരഞ്ഞെടുക്കപ്പെട്ട 14,500 സ്കൂളുകള്‍ പിഎം ശ്രീ പദ്ധതിയുടെ ക വികസിപ്പിക്കും.ദേശീയവിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി മാതൃകാ സ്കൂളുകളാക്കുകയാണ് ലക്ഷ്യം. ഉയര്‍ന്ന അധ്യാപന നിലവാരം, കുട്ടികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം, ഗ്രീന്‍ സ്കൂള്‍ പദ്ധതി,    തുടങ്ങിയവ പിഎം ശ്രീ സ്കൂളുകളില്‍ ഉറപ്പാക്കും. അഞ്ചു വര്‍ഷത്തേക്ക് 27,360 കോടി വകയിരുത്തുന്ന പദ്ധതിയില്‍ 18,128 കോടി കേന്ദ്രവിഹിതമാണ്. വിദ്യാഭ്യാസമേഖലയില്‍ സഹകരണത്തിന് ഇന്ത്യ–യുഎഇ ധാരണാപത്രം ഒപ്പിടാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.