വൈദ്യുതി ഉല്‍പാദനം വർധിപ്പിച്ച് കൊച്ചി മെട്രോ‍; 51 ശതമാനവും സോളാർ

സോളര്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ച് കെ.എം.ആര്‍.എല്‍. മുട്ടം യാര്‍ഡില്‍ തയാറാക്കിയ 1.8 മെഗാവാട്ടിന്റെ പുതിയ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. ഇതോടെ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ 51 ശതമാനം വൈദ്യുതിയും സോളറില്‍ നിന്നായി.

ആവശ്യമുള്ള വൈദ്യുതി സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന നിലയിലേക്കാണ് കെ.എം.ആര്‍.എല്ലിന്റെ മുന്നേറ്റം. ഇതിന്റെ ഭാഗമായാണ് മുട്ടം യാര്‍ഡില്‍ വിപുലമായ സൗരോര്‍ജ നിലയം നിര്‍മാണം പുരോഗമിക്കുന്നത്. ഘട്ടം ഘട്ടമായി പുരോഗമിക്കുന്ന പദ്ധതിയില്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയത് 9.9 മെഗാവാട്ടിന്റെ പ്ലാന്റ്. കഴിഞ്ഞ ജനുവരിയില്‍ 824 കിലോവാട്ടിന്റെ പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 1.8 മെഗാവാട്ടിന്റെ പ്ലാന്റും സജ്ജമായത്. മൂന്നാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ വൈദ്യുതോല്‍പാദനം 10.5 മെഗാവാട്ടായി ഉയരും. 

ദിനംപ്രതി ആവശ്യമുള്ള എഴുപതിനായിരം യൂണിറ്റ് വൈദ്യുതിയുടെ 51 ശതമാനമാണ് കെ.എം.ആര്‍.എല്‍ ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. സ്വയംപര്യാപ്തയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്ലാന്റ് ഉദ്ഘാടനം ചെയ്ത കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. സോളര്‍ വൈദ്യുതോല്‍പാദനം വര്‍ധിക്കുന്നതോടെ മെട്രോയുടെ പ്രവര്‍ത്തന ചെലവിലും ഗണ്യമായ കുറവുണ്ടാകും. സ്റ്റേഷനുകളുടെ മേല്‍ക്കൂര, റെയില്‍വേ പാളങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തേതന്നെ സോളര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നു.