വഴിയില്‍ മെട്രോ ഉണ്ടല്ലോയെന്ന് പരസ്യം; ‘സര്‍ക്കാരിനുള്ള ട്രോളോ..?’

‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പരസ്യമുണ്ടാക്കിയ ഓളം ഇതുവരെ അടങ്ങിയിട്ടില്ല. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകം നിമിഷനേരംകൊണ്ടാണ് വൈറലായത്. അത് പിന്നീട് വിവാദങ്ങളിലേക്കും ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളിലേക്കും ചർച്ചകളിലേക്കുമെല്ലാം വഴിമാറി. ഇതെല്ലാം നടന്ന് ആഴ്ച ഒന്നാകുമ്പോഴിതാ കൊച്ചി മെട്രോ സിനിമയുടെ പരസ്യവാചകം കടമെടുത്ത് പുതിയ പോസ്റ്റിട്ടിരിക്കുകയാണ്.

‘ന്നാ പിന്നെ മെട്രോയിൽ പോവാം’ എന്ന അടിക്കുറിപ്പോടെ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ മെട്രോയുണ്ട്, അതുകൊണ്ടു കുഴപ്പമില്ല’ എന്ന പോസ്റ്ററാണ് കൊച്ചി മെട്രോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ബഹിഷ്കരണം കാത്തിരിക്കുന്ന മെട്രോ’, ‘കുഴി ഇല്ലല്ലോ.....കുഴി ഉണ്ടേലേ ഒരു ത്രിൽ ഉള്ളൂ’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. 

സര്‍ക്കാരിനെ മെട്രോ തന്നെ ട്രോളുകയാണോ എന്ന ചോദ്യവും സജീവം. ‘കൊച്ചിക്കാര് മാത്രം സിനിമ കണ്ടാൽ മതിയോ’ എന്നും കുറേപ്പേർ ചോദിക്കുന്നുണ്ട്. പോസ്റ്റിട്ട് മണിക്കൂറുകൾക്കകം വലിയ തോതിലുള്ള പ്രതികരണമാണ് മെട്രോയ്ക്ക് ലഭിക്കുന്നത്.