സംഘർഷങ്ങളുടെ നടുവിൽ പേരാമ്പ്ര; രാഷ്ട്രീയ വിരോധത്തിനിരയായി വയോധികർ

നിരന്തര സംഘര്‍ഷങ്ങളുടെ നടുവില്‍ മരവിച്ച മനസുമായി പേരാമ്പ്ര, കൊയിലാണ്ടി നിവാസികള്‍. രാഷ്ട്രീയ വിരോധം വീടാക്രമണത്തിലേയ്ക്ക് കടന്നതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് വയോധികരടക്കമുള്ളവര്‍.  

ഞങ്ങളെന്ത് പിഴച്ചു. ഇതാണ് ഇവരുടെ ചോദ്യം. മക്കളോടുള്ള രാഷ്ട്രീയ വിരോധത്തിനിരയാകുന്ന ഈ വയോധികര്‍ക്ക് ഇതല്ലാതെ എന്തു ചോദിക്കാനാകും. ബോംബേറ് ദിനംപ്രതിയെന്നോളം നടക്കുമ്പോള്‍ വീടിനകത്തെ ചെറിയ ലോകത്ത് ഒതുങ്ങികൂടുന്ന ഇവരുടെ മാനസിക സംഘര്‍ഷം ചിന്തിക്കുന്നതിനും അപ്പുറത്താണ്. പേരാമ്പ്രയില്‍ ഇതിനോടകം രണ്ട് വീടുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. കൊയിലാണ്ടിയില്‍ ഒന്നും. കല്ലേറടക്കമുള്ള ആക്രമണങ്ങളേറ്റ വീടുകള്‍ നിരവധി.