ആവിക്കലില്‍ ഹർത്താലിനിടെ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്

കോഴിക്കോട് ആവിക്കലിലെ തീരദേശ ഹർത്തലിനിടെ വൻ സംഘർഷം. പൊലിസിന് നേരെ സമരക്കാർ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി, ടിയർ ഗ്യാസ് പ്രയോഗിച്ചു.  സംഘർഷത്തിൽ 5 പേർക്ക് പരുക്കേറ്റു. 17 പേരെ കസ്റ്റഡിയിൽ എടുത്തു. പ്രാദേശിക ഹർത്താലിന്റെ ഭാഗമായി സമരക്കാർ വഴി തടയാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ ആണ് സംഘർഷങ്ങൾക്ക് തുടക്കം. തുടർന്ന് കൂടുതൽ പ്രതിഷേധക്കാർ എത്തി പൊലീസിന് നേരെ കല്ലെറിഞ്ഞു. ബാരിക്കേഡുകൾ തകർത്തു. ആവിക്കൽ തോട്ടിലേക്കും ബാരിക്കേഡുകൾ തള്ളി മറിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി. 

തുടർന്ന് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. സംഘർഷം ഏറെ നേരം നീണ്ടു. വനിതാ സമരക്കാരും ഇതിനിടെ പ്രകോപിതരായി. പൊലീസിനെതിരേ കല്ലെറിഞ്ഞത് സമരത്തിൽ നുഴഞ്ഞു കയറിയവർ ആണെന്നാണ് ആരോപണം. ആരോഗ്യപ്രശന്ങ്ങൾ മുൻ നിർത്തി പ്ലാന്റ് ഇവിടെ നിന്ന് മാറ്റണമെന്നാണ് സമരക്കാർ ഉയർത്തുന്ന ആവശ്യം. എന്നാൽ പ്ലാന്റ് നിർമാണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് കോർപ്പറേഷനും ജില്ലാ ഭരണകൂടവും.