കുരുന്നുജീവന്‍ രക്ഷിക്കാൻ എട്ട് മണിക്കൂർ കുതിപ്പ്; മടങ്ങവെ അപകടം; നടുക്കം; വിഡിയോ

എട്ട് മണിക്കൂറിൽ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തെത്തി നവജാതശിശുവിന്റെ ജീവൻ രക്ഷിച്ച് മടങ്ങവം ആംബുലൻസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ രണ്ടുപേർ മരിച്ചു. കൊല്ലം ഓച്ചിറയിൽ വെച്ചാണ് നിയന്ത്രണം വിട്ട് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സമീപത്തെ ഹോട്ടലിലെ തൊഴിലാളി വള്ളിക്കാവ് കോട്ടയ്ക്കുപുറം വളവുമുക്ക് സാധുപുരത്ത് ചന്ദ്രൻ(60), ഓച്ചിറയിലെ ചപ്പാത്തി നിർമാണ യൂണിറ്റിലെ തൊഴിലാളി ഒഡീഷ ചെമ്പദേരിപൂർ സ്വദേശി രാജുദോറ(24) എന്നിവരാണ് മരിച്ചത്. 

അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആംബുലൻസ് ഡ്രൈവർമാരും നഴ്സും നിസാര പരുക്കുകളോടെ രക്ഷപെട്ടിരുന്നു. മരിച്ച ഒഡിഷ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 

കഴിഞ്ഞ ദിവസം നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തെ ശ്രീചിത്രയിൽ അടിയന്തര ശസ്ത്രക്രിയക്കായി എത്തിച്ചത് ഇതേ ആംബുലൻസിലായിരുന്നു. മിഷൻ പൂർത്തിയാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളും പ്രശംസയും ഉയരുന്നതിനിടെയാണ് നടുക്കുന്ന വാർത്തയെത്തിയത്. അമിതവേഗത്തിലായിരുന്നു ആംബുലൻസ് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.