‘മോശമായ ദിവസം, മോശം സമയം’; രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. കാനഡയിൽവച്ചാണ് സംഭവം. സ്കൂളിൽ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി രംഭയുടെ കാറിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകൾ സാഷയ്ക്ക് അൽപം പരുക്കുണ്ട്. ആശുപത്രിയിൽ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്.

‘‘സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയിൽ വച്ച് ഞങ്ങളുടെ കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ഹോസ്പിറ്റലിലാണ്.’’–രംഭ പറഞ്ഞു.

മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച് വിവരിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. രാധിക ശരത്കുമാർ, സ്നേഹ തുടങ്ങി സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപേർ രംഭയ്ക്ക് ആശ്വാസവാക്കുകളുമായി എത്തി. 2011ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയ്ക്കുകയായിരുന്നു താരം. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് രംഭയ്ക്ക്.