അഭ്യൂഹങ്ങൾക്ക് വിരാമം; വിജയന്‍ തോമസ് ബിജെപിയിലേക്കില്ല

കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബി.ജെ.പിയിലേക്കില്ല. എ.കെ ആന്റണി ഇടപെട്ട് നടത്തിയ അനുനയ ചര്‍ച്ചയിലാണ് ബി.ജെ.പിയിലേക്ക് പോകാനുള്ള നീക്കം വിജയന്‍ തോമസ് ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടത്തിയ സായാഹ്ന ധര്‍ണയിലും വിജയന്‍തോമസ് പങ്കെടുത്തു.  

കെ.പി.സി.സി പുനസംഘടനയില്‍  അര്‍ഹമായ പരിഗണന, അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കോവളത്ത് സ്ഥാനാര്‍ഥിത്വം .ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് വിജയന്‍തോമസ് നിലപാട് മാറ്റിയതെന്നാണ് സൂചന. എ.കെ ആന്റണി നേരിട്ട് ഇടപെട്ടാണ്  അനുനയിപ്പിച്ചത്. ഇന്നലെ ശബരിമല വിഷയത്തില്‍  കോണ്‍ഗ്രസ് നടത്തിയ സായാഹ്ന ധര്‍ണയിലും വിജയന്‍ തോമസ് പങ്കെടുത്തു. തുടര്‍ന്ന് ഇന്ദിരഭവനിലെത്തി കെ.പി.സിസി പ്രസിഡന്റുമായും ചര്‍ച്ച നടത്തി. 

ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വിജയന്‍തോമസ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയനിര്‍വാഹക സമിതിയംഗം മിസോറാമിന്റ ചുമതല എന്നിവയും വിജയന്‍തോമസിന് വാഗ്ദാനം ചെയ്തിരുന്നു. 2011ല്‍ കോവളം സീറ്റ് നല്‍കാതിരുന്നത് മുതല്‍ തുടങ്ങിയതാണ് പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി. 2016ലും സീറ്റ് നിഷേധിച്ചതോടെ അകല്‍ച്ച വര്‍ധിച്ചു.