കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. സി.പി.എം., കോണ്‍ഗ്രസ്  കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. കുന്നംകുളം സരസഭ കൗണ്‍സില്‍ യോഗത്തിന് മുന്‍പുള്ള ശൂന്യവേള അനുവദിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. വാര്‍ഡ് സഭ തീരുമാനിച്ച സമയത്തു തന്നെ കൗൺസിൽ വിളിച്ചത് ശരിയല്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. 

ഇക്കാര്യം കൗൺസിൽ നേത്യത്വം ഗൗനിച്ചില്ല.  അടിയന്തിര യോഗമായതിനാല്‍ ശൂന്യവേള അനുവദിക്കില്ലെന്നായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നായി വാദം . ഇതിനിടെ അജണ്ട വായിക്കാൻ തുടങ്ങി.  ഇതു തടയാനും ശ്രമം നടന്നു. ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. 

 അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് ചെയര്‍ പഴ്‌സണ്‍ യോഗംപിരിച്ചുവിട്ടെങ്കിലും ബഹളം തുടര്‍ന്നു. മര്‍ദനത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ്സ് അംഗം ബീനാ ലിബിനിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശബരിമല വിശയവുമായി ബന്ധപെട്ടുള്ള പ്രതിഷേധമറിയിക്കാന്‍ ബി ജെ പി അംഗങ്ങള്‍ വായ്മൂടികെട്ടി പ്ലക്കാര്‍ഡുകളുമായാണ് യോഗത്തിനെത്തിയത്. എന്നാല്‍ ബഹളത്തില്‍ ഇവരുടെ പ്രതിഷേധം നടക്കാതെ പോയി. നഗരസത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നാടകമാണ് സംഭവത്തിനു പിന്നിലെന്ന് സി പി എം ഭരണ സമതി ആരോപിച്ചു. എന്നാല്‍ തുടര്‍ച്ചയായി യോഗത്തില്‍ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് കോൺഗ്രസ് വിശദീകരിച്ചു.