എയര്‍പോര്‍ട്ടിലേത് പ്ലാന്‍ എ; ശശികലയുടേത് പ്ലാന്‍ ബി; ഇനി..; ബിജെപിയെ ട്രോളി മന്ത്രി: വിഡിയോ

രാഹുല്‍ ഈശ്വറിന്റെ പ്ലാന്‍ എയും ബിയും സിയും വച്ച് ബിജെപിയെ ട്രോളി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പൊറാട്ടു നാടകമായിരുന്നു പ്ലാന്‍ എ. അത് നടക്കാതെ വന്നപ്പോള്‍ അര്‍ധരാത്രിയില്‍ പി.കെ.ശശികലയെ ഇറക്കി പ്ലാന്‍ ബി നടത്തി. ഇനി പ്ലാന്‍ സിയും കാണും. ഇത്രയൊക്കെ ചെയ്യാന്‍ ജനങ്ങള്‍ നിങ്ങളോടെന്തു ചെയ്തെന്നും ബി.ജെ.പിയോട് കടകംപള്ളി ചോദിച്ചു. നേരത്തെ യുവതി സന്നിധാനത്തെത്തിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കി നടയടച്ചിടാന്‍ പ്ലാന്‍ ഉണ്ടായിരുന്നെന്ന രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. 

സര്‍ക്കാരിനു മാത്രമല്ലല്ലോ ഞങ്ങള്‍ക്കും വേണ്ടേ പ്ലാന്‍ എയും ബിയുമൊക്കെ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തതോടെ അശുദ്ധമാക്കി നടയടപ്പിക്കാന്‍ തയ്യാറായവരെ താന്‍ തടഞ്ഞു എന്നു പറഞ്ഞ് തടിയൂരാനും രാഹുല്‍ ഈശ്വര്‍ ശ്രമിച്ചിരുന്നു.