സര്‍ക്കാര്‍ നടപടിയില്‍ സന്തോഷം; ശബരിമല നാമജപക്കേസുകളും പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്

തിരുവനന്തപുരത്ത് നടന്ന നാമജപയാത്രയ്ക്കെതിരായ കേസ് സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചതില്‍ സന്തോഷമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ചില വിഷയങ്ങളില്‍ മാത്രമാണെന്നും ശബരിമല നാമജപക്കേസുകള്‍ കൂടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ പരാമര്‍ശത്തെ തുടര്‍ന്നാണ് എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപഘോഷയാത്ര നടത്തിയത്. എന്‍എസ്എസിന്‍റേത് അന്യായമായ സംഘം ചേരലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസാണ് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് എഴുതിത്തള്ളിയത്. ഘോഷയാത്ര കൊണ്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും എന്‍എസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.