എം.കെ രാഘവന്‍ ഉന്നമിട്ടത് ടി.സിദ്ദിഖിനെ തന്നെ; ചര്‍ച്ചയായി ഫെയ്സ്ബുക്ക് കുറിപ്പ്

mk-Raghavan
SHARE

കെപിസിസി നിര്‍വാഹക സമിതി യോഗത്തിലും പിന്നീട് സമൂഹമാധ്യമത്തിലും കോഴിക്കോട് യുഡിഎഫി സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ ഉന്നമിട്ടത് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി.സിദ്ദിഖിനെ തന്നെ. ചേവായൂര്‍ ബാങ്ക് ഭാരവാഹികള്‍ ഒന്നടങ്കം യുഡിഎഫിനെതിരെ തിരി‍ഞ്ഞതാണ് എം.കെ. രാഘവനെ പ്രകോപിപ്പിച്ചത്. ടി. സിദ്ദിഖ് പക്ഷക്കാരാണ് ബാങ്ക് ഭാരവാഹികളില്‍ ഭൂരിഭാഗവും.  

എം.കെ. രാഘവന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മൂര്‍ധന്യഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന ചിലര്‍ വാര്‍ത്താസമ്മേളനത്തിലൂടെ രാജി പ്രഖ്യാപനം നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയകുഴപ്പവും പ്രതിസന്ധിയും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി നടപടി എടുക്കണം. ആരേടെയും പേരെടുത്ത് എം.കെ. രാഘവന്‍ വിമര്‍ശിച്ചിട്ടില്ലെങ്കിലും ആരെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവര്‍ക്കും മനസിലായി. കാരണം തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് യുഡിഎഫ് ഭരിക്കുന്ന ചേവായൂര്‍ ബാങ്ക് മുന്‍ ഡയറക്ടര്‍ കെ.വി.സുബ്രഹ്മണ്യനും ചിലരും വാര്‍ത്താസമ്മേളനം നടത്തി യുഡിഎഫിനെതിരായ നിലപാട് വ്യക്തമാക്കിയത്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവര്‍ പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല യുഡിഎഫിന്‍റെ തോല്‍വിക്കായി പരോക്ഷമായി ശ്രമിക്കുകയും ചെയ്തു. എതിര്‍സ്ഥാനാര്‍ഥിയെ സഹായിച്ചതായും കണ്ടെത്തി. ഈ കണ്ടെത്തല്‍ ആണ് എം.കെ. രാഘവന്‍ നിര്‍വാഹക സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ചേവായൂര്‍ ബാങ്ക് ഒന്നടങ്കം യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ഇവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ടി. സിദ്ദിഖ് അറിയാതെയല്ല. എന്നാല്‍ ഇതെല്ലാം അറിഞ്ഞിട്ടും ബാങ്ക് ഭാരവാഹികളെ തിരുത്താനോ വിഷയത്തില്‍ ഇടപെടാനോ ടി. സിദ്ദിഖ് തയ്യാറായില്ല. അതാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെടാനുള്ള കാരണം. അതേസമയം കെ.വി.സുബ്രഹ്മണ്യനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നേതൃത്വം കെപിസിസിക്ക് റിപ്പോർട്ട് നൽകി. 

MORE IN KERALA
SHOW MORE