ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായൽ; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

പ്രളയത്തിന് കവര്‍ന്നെടുക്കാന്‍ ആകാത്ത ആവേശത്തിര വിതറി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന് നെഹ്‌റുട്രോഫി വള്ളംകളി. ഏറ്റവും അധികം വള്ളങ്ങള്‍ മല്‍സരിക്കുന്ന ജലമാമാങ്കം എന്നനിലയില്‍ ഇന്നത്തെ മല്‍സരങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിക്കും. പഴുതകളടച്ച സുരക്ഷാ സംവിധാനമാണ് ആലപ്പുഴയില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടനാട്ടുകാരുടെ ആവേശക്കുതിപ്പ് പ്രളയം കൊണ്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്ന ദിനമാണിന്ന്. അറുപത്തിയാറാമത് നെഹ്റുട്രോഫി വള്ളംകളിക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ പതിനൊന്നോടെ ചെറുവള്ളങ്ങളുടെ മല്‍സരങ്ങള്‍ ആരംഭിക്കും. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും എല്ലാ വള്ളങ്ങളുടയും ഫൈനലും ഉച്ചയ്ക്ക ശേഷമാണ്. 25 ചുണ്ടനുകളും വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, തെക്കനോടി വിഭാഗങ്ങളിലായി 56 ചെറുവള്ളങ്ങളുമാണ് ഇന്ന് പുന്നമടയില്‍ അങ്കത്തിനിറങ്ങുന്നത്. 

എല്ലാവര്‍ഷവും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ആധുനിക സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് സംവിധാനങ്ങളും ഇത്തവണയുണ്ട്. ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടകനാകുന്ന ജലോല്‍സവത്തില്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുനും, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും മുഖ്യാതിഥികളാവും. പുന്നമടയെ 15 മേഖലകളാക്കി തിരിച്ച് 15 ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കിയാണ് സുരക്ഷ. എല്ലാ പവലിയനും സിസിടിവി നിരീക്ഷണത്തിലുമാണ്

ചരിത്രത്തിലാധ്യമായി മുതിര്‍ന്ന പൗരന്മാര്‍, ഭിന്നഷേശിക്കാര്‍, സ്തരീകളും കുട്ടികളും എന്നിങ്ങനെ പ്രത്യേക ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഇത്തവണയുണ്ട്. പ്രളയത്തിന് ശേഷം ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് ഈ ജലോത്സവം പുത്തന്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ