പ്രളയ പുനരധിവാസം: ഭൂമി ദാനം നല്‍കുന്നവര്‍ക്ക് മുദ്രവില ഒഴിവാക്കി ഉത്തരവായി

സംസ്ഥാനത്ത് പ്രളയത്തില്‍ വീടോ, ഭൂമിയോ, ഫ്ളാറ്റോടുകൂടിയ  ഭൂമിയോ  നഷ്ടപ്പെട്ട പ്രളയ ദുരിതബാധിതരുടെ  പുനരധിവാസത്തിനായി വ്യക്തികളോ സന്നദ്ധ സംഘടനകളോ സഹകരണ സ്ഥാപനങ്ങേളാ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളോ കമ്പനികളോ സംഭാവനയായോ ദാനമായോ ഭൂമിയോ, വീടോടുകൂടിയ ഭൂമിയോ ഫ്ളാറ്റോടുകൂടിയ ഭൂമിയോ  നല്‍കുന്ന ആധാരത്തിന് മുദ്രവില ഒഴിവാക്കി ഉത്തരവായി. 

ദുരന്ത നിവാരണ വകുപ്പ്  പുറപ്പെടുവിച്ച 2018 സെപ്റ്റംബര്‍ ആറിലെ സ.ഉ. (സാധാ) നമ്പര്‍ 486/2018/ഡിഎംഡി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ അനുമതിയോടെ  നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. പ്രകൃതി ദുരന്തത്തിലോ പ്രളയത്തിലോ വീടോ ഭൂമിയോ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി നല്‍കുന്ന ദാനമാണെന്ന ജില്ലാ കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആധാരത്തോടൊപ്പം ഹാജരാക്കുകയും അക്കാര്യം ആധാരത്തില്‍ പരാമര്‍ശിക്കുകയും വേണം. ഈ ഉത്തരവിന്റെ ആനുകൂല്യം 2019 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും.