വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തര ബിരുദം നേടിയ അധ്യാപകർ അംഗീകാരമില്ലാതെ കുഴങ്ങുന്നു

വിദൂരവിദ്യാഭ്യാസത്തിലൂടെ  ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ അധ്യാപകര്‍, കോഴ്സിന്  അംഗീകാരം ലഭിക്കാതെ കുഴങ്ങുന്നു. കേരളത്തിലെ സര്‍വകലാശാലകള്‍ ഈ പി.ജി ബിരുദത്തിന് അംഗീകാരം നല്‍കാത്തതിനാല്‍ , വിവേചനം നേരിടുന്നതായാണ് പരാതി. ഇതോടെ ഹയര്‍സെക്കന്‍ഡറി അധ്യാപക  തസ്തികയിലേക്ക് അപേക്ഷിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് മുന്നൂറോളം ബിരുദാനന്തര ബിരുദധാരികള്‍.  

യുജിസി അംഗീകരിച്ച  സര്‍വകലാശാലകളില്‍ നിന്ന് വിദൂരവിദ്യാഭ്യാസത്തിലൂടെ  സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ Msc നേടിയ സ്്കൂള്‍ അധ്യാപകരാണ് , കോഴ്സിന് അംഗീകാരമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകള്‍ ഈ പിജി ബിരുദകോഴ്സുകള്‍ക്ക് അംഗീകാരമോ, തുല്യതയോ നല്‍കില്ല. മാത്രമല്ല ഇവക്ക് അംഗീകാരമില്ലെന്ന് സര്‍ക്കാരിനെയും പി.എസ്.സിയെയും അറിയിക്കുകയും ചെയ്തു. ഇതോടെ സര്‍വീസ് ബുക്കില്‍  Msc ബിരുദമുണ്ടെന്ന് രേഖപ്പെടുത്താന്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറായില്ല. 

യുജിസിയും കേന്ദ്രസര്‍ക്കാരും അംഗീകരിച്ച ഡിഗ്രികള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിക്കാത്തതിന്റെ കാരണം വ്യക്തമല്ല. വിദൂരവിദ്യാഭ്യാസത്തിലൂടെ  Msc നേടിയവര്‍ക്ക് സെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഹയര്‍സെക്കഡറിയിലേക്ക് പോകണമെങ്കില്‍ പിജി ബിരുദത്തിന് അംഗീകാരം ലഭിക്കണം. അതും സാധിക്കാതെ വലയുകയാണ് മുന്നോറോളം ശാസ്ത്രഅധ്യാപകര്‍.