വാർത്ത തുണച്ചു; അധ്യാപക തസ്തികകൾ പുനസ്ഥാപിച്ചു; ഇനി വിദ്യാർഥികൾക്ക് പഠിക്കാം

ആലപ്പുഴ പുന്നപ്ര അറവുകാട് ഹൈസ്കൂളിൽ കുട്ടികൾക്ക് അധ്യാപകരെ  കിട്ടി. കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ പിൻവലിച്ച 11 അധ്യാപകരെ തിരികെ നിയമിച്ച് വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി. അധ്യാപകരില്ലാത്തതിനാൽ പത്താം ക്ലാസിലെ അടക്കം കുട്ടികളുടെ പഠനം മുടങ്ങിയത് മനോരമ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയും എച്ച്.സലാം എംഎല്‍എയും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. 

കഴിഞ്ഞ ഓണപ്പരീക്ഷയ്ക്കു ശേഷമാണ് അറവുകാട് ഹൈസ്കൂളിൽ ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ കുട്ടികളുടെ പഠനം തടസപ്പെട്ടത്.പത്താം ക്ലാസിലെ ഏഴു ഡിവിഷനുകളിലടക്കം ഹൈസ്കൂൾ ക്ലാസിൽ പ്രധാന വിഷയങ്ങൾക്കൊന്നും അധ്യാപകരില്ലാതായി. ഹൈസ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതായതോടെയാണ് പ്രതിസന്ധി ഉണ്ടായത്.11 അധ്യാപകരെ തസ്തിക നിർണയം നടത്തി അധ്യാപക ബാങ്കിലേക്ക് വിദ്യാഭ്യാസവകുപ്പ്  മാറ്റി. അധ്യാപകരില്ലാതെ പഠനം താറുമാറായതോടെ രക്ഷിതാക്കളും കുട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളും പിടിഎ പ്രതിനിധികളും ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജയെ നേരിട്ട് കണ്ട് പരാതി പറഞ്ഞു. കലക്ടർ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് റിപ്പോർട്ട് തേടി.പ്രശ്നത്തിൽ ഇടപെട്ട H. സലാം MLA വിദ്യാദ്യാസ മന്ത്രി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. അധ്യാപക തസ്തികകൾ പുനസ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.ക്ലാസ്മുറികളുടെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്ക് സീലിങ് ഇല്ലാത്തതിനാലാണ് ഫിറ്റ്നസ് നഷ്ടമായത്.