ശുദ്ധജലം കിട്ടാക്കനി; കുടിവെള്ളമില്ലാതെ കുട്ടനാട്ടുകാർ

മാസങ്ങളായി കുടിവെള്ളമില്ലാതെ വലയുകയാണ് നെടുമുടി പഞ്ചായത്തിലെ പനങ്ങാട് പ്രദേശത്തുകാര്‍. ജലഅതോറിറ്റിയുടെ പൈപ്പുകള്‍ മുടക്കമില്ലാതെ പൊട്ടുന്നതാണ് കുടിവെള്ളവിതരണം മുടക്കുന്നത്. രണ്ടുവാര്‍ഡുകളിലെ നൂറിലധികം കുടുംബങ്ങളാണ് ശുദ്ധജലത്തിനായി കാത്തിരിക്കുന്നത്

പ്രളയകാലത്തിനും മുന്നേ നിലച്ചതാണ് പൈപ്പുകളിലെ കുടിവെള്ളത്തിന്റെ വരവ്. വീട്ടാവശ്യങ്ങള്‍ക്കുള്ള വെള്ളം ചെറിയ വാഹനങ്ങളിലായാണ് ഇപ്പോള്‍ എത്തുന്നത്. അതും ദിവസങ്ങളുടെ ഇടവേളകളില്‍. ഒന്നിനും തികയാത്ത അവസ്ഥ. കിട്ടാവുന്ന പാത്രത്തിലെല്ലാം ശേഖരിച്ചുവയ്ക്കുന്നുണ്ട് വീട്ടുകാര്‍. മഴപെയ്താല്‍ കുറച്ചുവെള്ളം അങ്ങിനെ സംഭരിക്കും. പൈപ്പുപൊട്ടല്‍ ഇവിടെ പതിവാണ്. പുനസ്ഥാപിച്ച് കിട്ടാന്‍ പ്രയാസവും

ഈ ദേശക്കാര്‍ക്ക് മാത്രമായൊരു കുടിവെള്ള പദ്ധതിയാണ് പഞ്ചായത്തംഗത്തിന്റെ ഉള്‍പ്പടെ മനസില്‍. എന്നാല്‍ അതിനുമുണ്ട് രാഷ്ട്രീയമെന്നാണ് നാട്ടുകാര്‍ തന്നെ പറയുന്നത്. ശുദ്ധജലം കിട്ടാക്കനിയായതോടെ കിട്ടുന്നവെള്ളം ഉപയോഗിക്കുകയാണ് നാട്ടുകാരിപ്പോള്‍.